തിരുവനന്തപുരം: ബാര്‍കോഴ ആരോപണ കേസില്‍ തുടരന്വേഷണം വേണമെന്ന ഹര്‍ജികളില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്നു വിധി പറയും.
വിജിലന്‍സ് എസ്പി ആര്‍. സുകേശന്‍ സമര്‍പ്പിച്ച വസ്തുതാവിവര അന്തിമ റിപ്പോര്‍ട്ട് സ്വീകരിക്കരുതെന്നും തുടരന്വേഷണത്തിനു നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, വി.എസ്. സുനില്‍കുമാര്‍ എംഎല്‍എ, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, ബാറുടമ ബിജു രമേശ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണു കോടതി വിധി പറയുന്നത്.
മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിനെതിരെ 9 ഹര്‍ജികളും അനുകൂലിച്ച് ഒരു ഹര്‍ജിയുമാണ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്.
മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ആവശ്യമായ സാഹചര്യ തെളിവുണ്ടെന്നായിരുന്നു എസ്.പി: ആര്‍.സുകേശന്റെ ആദ്യറിപ്പോര്‍ട്ട്.എന്നാല്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മാണിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള അന്തിമറിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. ഇതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളിലെ വാദം രണ്ടാഴ്ച മുമ്പ് പൂര്‍ത്തിയായിരിന്നു. തുടര്‍ന്നാണ് വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റിയത്.
അന്തിമറിപ്പോര്‍ട്ട് അംഗീകരിക്കാനാണ് തീരുമാനമെങ്കില്‍ ഹൈക്കോടതിയെ സമീപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് പരാതിക്കാര്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുമുണ്ട്. ഇതോടെ, കോടതി വിധി എന്തായാലും ബാര്‍കോഴക്കേസ് ഇവിടെ അവസാനിക്കില്ലെന്ന് വ്യക്തമാണ്.