ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു തര്‍ക്കം: അഭിഭാഷകന്‍ കൊല്ലപ്പെട്ടു

ചെന്നൈ: ചെന്നൈ എഗ്മോര്‍ ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ അഭിഭാഷകന്‍ കൊല്ലപ്പെട്ടു.വില്ലിവക്കം സ്വദേശി അഡ്വ.സി.സ്റ്റാലിന്‍(38) ആണ് കൊല്ലപ്പെട്ടത്.

അസോസിയേഷന്‍ സ്ഥാനത്തേക്കുവേണ്ടി മത്സരിച്ച സംഘങ്ങള്‍ ചേരിതിരിഞ്ഞുനടത്തിയ പോരാട്ടമാണ് അഭിഭാഷകന്റെ കൊലപാതകത്തിന് വഴിവച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 1.30തോടുകൂടിയാണ് ആക്രമണം നടന്നത്. ഗുരുതരമായ പരിക്കുകളോടെ രാജീവ്ഗാന്ധി ജനറല്‍ ആസ്പത്രിയിലെത്തിച്ച സ്റ്റാലിന്‍ ഉച്ചയോടെ മരിക്കുകയായിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് മൈക്കിള്‍, സഹപ്രവര്‍ത്തകരായ ലോകേശ്വരി, മുനിയാണ്ടി എന്നിവരുള്‍പ്പെടെ ഇരുപത്തൊമ്പത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. എഗ്മോര്‍ ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരായിരുന്നു ഇവര്‍. വിജയാഘോഷത്തിനിടെ പരാജയപ്പെട്ട സംഘം അഭിഭാഷകര്‍ ആയുധമേന്തിയെത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച സംഘത്തിനൊപ്പമായിരുന്നു സ്റ്റാലിന്‍.

കോടതിവളപ്പിനുള്ളില്‍ തമ്പടിച്ച അഭിഭാഷകര്‍ അക്രമത്തെത്തുടര്‍ന്ന് പുറത്തേക്ക് ഓടുകയായിരുന്നു. എന്നാല്‍ ആയുധമേന്തിയ അക്രമകാരികള്‍ സ്റ്റാലിനെ റോഡില്‍ പിന്തുടര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തലയ്ക്കാണ് സ്റ്റാലിന് മുറിവേറ്റത്.

Top