ന്യൂഡല്‍ഹി: ബാര്‍ക്കേസില്‍ ബാറുടമകള്‍ക്ക് വേണ്ടി അറ്റോര്‍ണി ജനറലിന് ഹാജരാകാമെന്ന് സുപ്രീംകോടതി. ഹാജരാകുന്നതില്‍ നിന്ന് എജിയെ വിലക്കാനാകില്ല. അദ്ദേഹത്തെ നിയമിച്ചത് സുപ്രീംകോടതിയല്ല, കേന്ദ്രസര്‍ക്കാരാണ്. ചട്ടലംഘനമുണ്ടെങ്കില്‍ നടപടിയെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും കോടതി വിലയിരുത്തി.
സംസ്ഥാന സര്‍ക്കാരിന് എതിരായ കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെ അറ്റോര്‍ണി ജനറല്‍ ഹാജരാകുന്നതിലുള്ള അനൗചിത്യം ചൂണ്ടിക്കാണിച്ച് ടി എന്‍ പ്രതാപന്‍ എംഎല്‍എ നല്‍കിയ ഹര്‍ജി കോടതി തള്ളി.
അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയാണ് മദ്യനിരോധനം സംബന്ധിച്ച കേസില്‍ സുപ്രീം കോടതിയില്‍ ബാര്‍ ഉടമകള്‍ക്കായി ഹാജരാകുന്നത്. അതേസമയം, മുകുള്‍ റോഹ്തഗി ഹാജരാവുന്നതിനെതിരെ നേരത്തെ എതിര്‍പ്പ് പ്രകടിപ്പിച്ച കേരള സര്‍ക്കാര്‍ ഇന്ന് അതിനെ കോടതിയില്‍ എതിര്‍ക്കാതിരുന്നത് ശ്രദ്ധേയമായി.