തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ സര്‍ക്കാരിന് തിരിച്ചടി. ധനമന്ത്രി മന്ത്രി കെ.എം.മാണി പ്രതിയായ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവ്. കുറ്റപത്രം തള്ളണമെന്ന വിജിസന്‍സ് നിലപാട് തള്ളിക്കൊണ്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പറഞ്ഞത്.
മാണിക്കെതിരെയുള്ള ആരോണങ്ങള്‍ക്ക് പ്രഥമദൃഷ്ടിയാ നിലനില്‍ക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണത്തില്‍ ഇടപെടാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമില്ല. ഡയറക്ടറുടെ നടപടികള്‍ തെറ്റ്. ശബ്ദരേഖയടക്കം എല്ലാ തെളിവുകളും സമഗ്രമായി പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു.
കേസ് അവസാനിപ്പിക്കണമെന്ന് വിജിലന്‍സും, കേസില്‍ തുടരന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ അടക്കമുള്ളവരുടെ ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി വിധി.
കെ.എം.മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന് ബിജു രമേശ് ആരോപണമുന്നയിച്ചതിന്റെ ഒന്നാം വാര്‍ഷികത്തിന് രണ്ടുദിവസം മുന്‍പാണ് നിര്‍ണ്ണായക വിധിയെന്നതും ശ്രദ്ധേയമാണ്.
മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ആവശ്യമായ സാഹചര്യ തെളിവുണ്ടെന്നായിരുന്നു എന്നായിരുന്നു എസ്.പി ആര്‍.സുകേശന്റെ ആദ്യറിപ്പോര്‍ട്ട്. എന്നാല്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മാണിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള അന്തിമറിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. ഇതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളിലെ വാദം രണ്ടാഴ്ച മുമ്പ് പൂര്‍ത്തിയായിരിന്നു. തുടര്‍ന്നാണ് വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റിയത്.
മാണിയെ കുറ്റവിമുക്തനാക്കാനുള്ള നിര്‍ദ്ദേശമാണ് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം.പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് നല്‍കിയതെന്ന് വാദത്തിനിടയില്‍ കോടതി നിരീക്ഷിച്ചിരുന്നു. ഇത് വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥന് നല്‍കിയ കത്തില്‍ വ്യക്തമാണെന്നും കോടതി അഭിപ്രായപ്പെട്ടു. എസ്.പി.ക്കും ഡയറക്ടര്‍ക്കും തുല്യ അധികാരമെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി തള്ളിയിരുന്നു.
ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴിയെ ശാസ്ത്രീയതെളിവുകള്‍ സാധൂകരിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. സ്വകാര്യ അഭിഭാഷകരില്‍നിന്ന് നിയമോപദേശം തേടിയ വിജിലന്‍സിന്റെ നടപടിക്ക് എന്ത് സാധുതയാണുള്ളതെന്നും ഇത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കില്ലേയെന്നും കോടതി ചോദിച്ചു.
അഡ്വക്കേറ്റ് ജനറലിനേയും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനേയും മറികടന്ന്, സുപ്രീംകോടതിയിലെ അഭിഭാഷകരായ എല്‍.നാഗേശ്വര റാവുവില്‍നിന്നും മോഹന്‍ പരാശരനില്‍നിന്നുമായിരുന്നു വിജിലന്‍സ് നിയമോപദേശം തേടിയിരുന്നത്.
തദ്ദേശതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, കോടതി വിധിയെ ഏറെ ആകാംക്ഷയോടെയാണ് സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും ഉറ്റുനോക്കുന്നത്.