തിരുവനന്തപുരം: എക്‌സൈസ് മന്ത്രി കെ.ബാബുവിന് 10 കോടി രൂപ കോഴ നല്‍കിയെന്ന ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ രഹസ്യ മൊഴി പുറത്തായി. മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പാണ് പുറത്തായിരിക്കുന്നത്. പണം കൈമാറിയത് ബാറുടമ കൃഷ്ണദാസാണെന്നും 30പേജ് വരുന്ന രഹസ്യമൊഴിയില്‍ വ്യക്തമാക്കുന്നു.
മന്ത്രി ബാബുവിന് 10 കോടി കോഴ നല്‍കിയതു കൊണ്ടാണ് ലൈസന്‍സ് ഫീസ് 30 ലക്ഷത്തില്‍ നിന്ന് 23 ലക്ഷമായി കുറച്ചത്. ഓരോ വര്‍ഷവും ഇത്തരത്തില്‍ മന്ത്രിക്ക് പണം നല്‍കാറുണ്ട്. ബാര്‍ അസോസിയേഷന്‍ പിരിച്ചെടുത്ത തുകയാണിത്. ബിയര്‍, വൈന്‍ ലൈസന്‍സ് നല്‍കുന്നതിന് 11 ലക്ഷം രൂപ ബാബു ആവശ്യപ്പെട്ടതായും രഹസ്യമൊഴിയിലുണ്ട്.
കെ.എം മാണി 5 കോടി ആവശ്യപ്പെട്ടെന്ന് രാജ്കുമാര്‍ ഉണ്ണി ബാര്‍ ഉടമകളുടെ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. 50 ലക്ഷം മാണിയുടെ പാലായിലെ വീട്ടില്‍വച്ച് കൈമാറി. 35 ലക്ഷം കൈമാറിയത് തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ വച്ചുമാണ്. ബാബുവിനും മാണിക്കും പുറമെ ആരോഗ്യമന്ത്രി വി. എസ്. ശിവകുമാറിനും പണം നല്‍കിയതായി ബിജു രമേശ് മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയില്‍ പറയുന്നു.