ബാര്‍ കോഴ: നിര്‍ണായക തെളിവുകള്‍ ബിജു രമേശ് പ്രതിപക്ഷനേതാവിന് കൈമാറും

തിരുവനന്തപുരം:ബാര്‍ കോഴ കേസില്‍ ഇതുവരെ പുറത്തു വിടാത്ത സുപ്രധാന തെളിവുകള്‍ ഉടന്‍ തന്നെ ബിജു രമേശ് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് കൈമാറും.

മാണിയുടെ രാജി ഒഴിവാക്കാന്‍ ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയ സാഹചര്യത്തിലാണ് ഈ നീക്കം.

ബാര്‍ കോഴയില്‍ കണ്ണികളായ മുഴുവന്‍ ഉന്നതര്‍ക്കെതിരെയും ബിജു രമേശ് തെളിവുകള്‍ കൈമാറുമോ എന്ന കാര്യത്തില്‍ വ്യക്തത ഇല്ലെങ്കിലും ധനമന്ത്രി മാണിക്കെതിരായ നിര്‍ണായക തെളിവുകള്‍ വി.എസിന് കൈമാറും.

മാണിയെ മാത്രം ലക്ഷ്യമിടുന്ന ബിജു രമേശിന്റെ നീക്കത്തോട് പൂര്‍ണമായ യോജിപ്പ് സിപിഎം നേതൃത്വത്തിനില്ലെങ്കിലും പൊതു സമൂഹത്തിനിടയില്‍ പാര്‍ട്ടി ഒറ്റപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ ബിജു രമേശിനെ പിന്തുണയ്ക്കാന്‍ തന്നെയാണ് നേതൃത്വത്തിന്റെ തീരുമാനം.

തന്റെ കൈവശമുള്ള തെളിവുകള്‍ പ്രതിപക്ഷ നേതാവിന് നല്‍കാന്‍ തയ്യാറാണെന്ന് ബിജു രമേശ് ഇതിനകം തന്നെ പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ അറിയിച്ചിട്ടുണ്ട്. നിയമസഭാ സമ്മേളനത്തിന് മുന്‍പോ അല്ലെങ്കില്‍ സഭയിലോ വി.എസ് തെളിവുകള്‍ നിരത്തി മാണിക്കും സര്‍ക്കാരിനുമെതിരെ ആഞ്ഞടിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ബാര്‍ കോഴയില്‍ മാണിക്കെതിരെ ശക്തമായ നിലപാട് സിപിഎം നേതൃത്വം സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം പാര്‍ട്ടി അണികളില്‍ ശക്തമായ സാഹചര്യത്തില്‍ കൂടിയാണ് വി.എസിന്റെ തന്ത്രപരമായ നീക്കം.

വി.എസ് പ്രശ്‌നത്തില്‍ ഇടപെട്ട് തനിക്ക് ആത്മവിശ്വാസം നല്‍കിയതായി ബിജു രമേശും ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.

ആദ്യം ഒപ്പം നില്‍ക്കുകയും പിന്നീട് സ്വാധീനത്തിന് വഴങ്ങി തള്ളിപ്പറയുകയും ചെയ്ത ബാറുടമകള്‍ക്കെതിരെയും ചില തെളിവുകള്‍ ബിജു രമേശ് വി.എസിന് കൈമാറും.

അതേസമയം, ബാര്‍കോഴ കേസില്‍ ശക്തമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ച വിജിലന്‍സ് ബാറുടമകളെ നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ നീക്കം തുടങ്ങി.

ഇതിന്റെ ഭാഗമായി വിവാദ സംഭാഷണത്തില്‍ ഉള്‍പ്പെട്ട പത്ത് ബാറുടമകളെയും മുന്‍പ് മൊഴി രേഖപ്പെടുത്തിയവരെയും ചോദ്യം ചെയ്യാനാണ് തീരുമാനം. ഇതിനു ശേഷമായിരിക്കും നുണ പരിശോധന.

ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ചും മാണിക്കും മറ്റും കോഴ നല്‍കിയതായ സംഭാഷണം തങ്ങളുടേതല്ലെന്ന് വ്യക്തമാക്കിയും ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ രംഗത്ത് വന്ന സാഹചര്യത്തിലാണിത്.

നുണ പരിശോധന നടത്താന്‍ വിധേയനാകുന്ന വ്യക്തിയുടെ അനുമതി വേണമെന്ന സുപ്രീംകോടതി വിധി നിലവിലുള്ളത് ബാറുടമകള്‍ക്ക് ആശ്വാസകരമാണെങ്കിലും പൊതുസമൂഹം ഉറ്റുനോക്കുന്ന കേസില്‍ നുണ പരിശോധനയ്ക്ക് തയ്യാറല്ലെന്ന നിലപാട് അവര്‍ സ്വീകരിച്ചാല്‍ അത് ബാറുടമകള്‍ക്ക് മാത്രമല്ല സര്‍ക്കാരിനും തിരിച്ചടിയാകും.

സ്വാധീനത്തിന് വഴങ്ങിയാണ് ബാറുടമകള്‍ നിലപാട് മാറ്റിയതെന്ന വാദത്തിനായിരിക്കും ഈ നിലപാട് ശക്തി പകരുക.

ഡിപ്പാര്‍ട്ട്‌മെന്റിന് മേല്‍ ചെളി വാരി എറിയാനുള്ള സാഹചര്യം ഒഴിവാക്കാന്‍ ഒരു ഇടപെടലിനും വഴങ്ങേണ്ടതില്ലെന്ന നിലപാട് മുന്‍നിര്‍ത്തിയാണ് വിജിലന്‍സ് സംഘത്തിന്റെ കരുനീക്കം. ബിജു രമേശിന്റെ കയ്യിലുള്ള തെളിവുകള്‍ വൈകിയായാലും പുറത്തുവരുമെന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് അന്വേഷണസംഘത്തിന്റെ ഇപ്പോഴത്തെ നീക്കം.

Top