ന്യൂഡല്‍ഹി: ബാര്‍ കോഴ കേസില്‍ സംസ്ഥാനത്ത് ഉയര്‍ന്ന വിവാദങ്ങളില്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തി.
സംസ്ഥാനത്തെ പ്രമുഖനായ മന്ത്രി പ്രതിചേര്‍ക്കപ്പെട്ട സാഹചര്യവും തുടരന്വേഷണവുമായി ബന്ധപ്പെട്ട കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടും ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതതരമായ വീഴ്ചയായിട്ടാണ് ഹൈക്കമാന്‍ഡ് കേന്ദ്രങ്ങള്‍ കാണുന്നത്.
ഇത്തരമൊരു സാഹചര്യത്തല്‍ വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയും മന്ത്രിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്ത സാഹചര്യത്തില്‍ മന്ത്രി കെ.എം മാണി തല്‍സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്നതാണ് ഉന്നത നേതാക്കളുടെ നിലപാട്.
കേരള കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ഇടത് മുന്നണിയിലേക്ക് ഇനി ചേക്കേറാന്‍ പറ്റില്ലെന്ന് ഉറപ്പുള്ളതിനാല്‍ കെ.എം മാണിയെ മുഖ്യമന്ത്രി ഇടപെട്ട് രാജിവയ്പിച്ച് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതാണ് ഉചിതമെന്നതാണ് ഹൈക്കമാന്‍ഡിന്റെ അഭിപ്രായം.
തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതിനു മുമ്പുതന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന നിര്‍ദേശം ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിക്ക് നല്‍കുമെന്നാണ് സൂചന.
ഇക്കാര്യത്തില്‍ എ.കെ ആന്റണിയും സുധീരനും തനിക്കുള്ള അഭിപ്രായം ഇതിനകം തന്നെ സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും അറിയിച്ചിട്ടുണ്ട്.
കോടതിയില്‍ നിന്ന് അനുകൂല തീരുമാനമുണ്ടാകുന്നതുവരെ കെ.എം മാണി മാറിനില്‍ക്കുന്നത് തന്നെയാണ് മുന്നണിക്ക് നല്ലതെന്ന അഭിപ്രായമാണ് ഇരുവര്‍ക്കുമുള്ളത്.
യുഡിഎഫ് സര്‍ക്കാര്‍ എല്ലാം തികഞ്ഞവരായതുകൊണ്ടല്ല തമ്മില്‍ ഭേദം തൊമ്മന്‍ എന്ന് കണക്കാക്കിയാണ് ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുന്നതെന്ന എ.കെ ആന്റണിയുടെ പ്രസ്താവനയില്‍ തന്നെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലുള്ള നീരസം വ്യക്തമാണ്.
സാധാരണ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണങ്ങള്‍ പോലും വര്‍ഷങ്ങള്‍ നീണ്ടുപോവാറുണ്ടെന്നിരിക്കെ കെ.എം മാണിയെ ധൃതിപ്പെട്ട് പ്രതിയാക്കി അന്വേഷണം നടത്തിയ നടപടിയാണ് ഇപ്പോള്‍ വിനയായിരിക്കുന്നതെന്ന അഭിപ്രായമാണ് യുഡിഎഫിലെ മുസ്ലീം ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ക്കുമുള്ളത്.
എന്നാല്‍ കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹം ശക്തമായതിനാല്‍ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം മനഃപൂര്‍വം മാണിയെ കുരുക്കുകയായിരുന്നുവെന്നാണ് കേരള കോണ്‍ഗ്രസ്സിലെ പ്രബല വിഭാഗം വിശ്വസിക്കുന്നത്.
സാഹചര്യം വഷളായ നിലവിലെ അവസ്ഥയില്‍ മാണി രാജിവയ്ക്കണമെന്നും ചുരുങ്ങിയ പക്ഷം നിയമകാര്യ വകുപ്പെങ്കിലും ഒഴിയണമെന്നും കേരള കോണ്‍ഗ്രസ്സില്‍ തന്നെ അഭിപ്രായം ശക്തമായിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തില്‍ ഒരു പൊട്ടിത്തെറി തന്നെ കേരള കോണ്‍ഗ്രസ്സില്‍ രാഷ്ട്രീയ നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്.
ജോസഫ് വിഭാഗം നേതാക്കള്‍ക്കിടയിലാണ് അതൃപ്തി രൂക്ഷമായിട്ടുള്ളത്. തദ്ദേശം ചതിച്ചാല്‍ ഇടതിലേക്ക് മടങ്ങാനും അവര്‍ക്കിടയില്‍ ആലോചനയുണ്ട്.