ബാറുടമകളില്‍ നിന്നും പിരിച്ച കോടികള്‍ പോയ വഴി തിരഞ്ഞ് വിജിലന്‍സ് സംഘം

തിരുവനന്തപുരം: അടച്ച ബാറുകള്‍ തുറക്കുന്നതിന് തീവ്രശ്രമം നടക്കുന്ന വേളയില്‍ ബാറുടമകളില്‍ നിന്ന് പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ പോയ വഴി തിരഞ്ഞ് വിജിലന്‍സ് അന്വേഷണ സംഘം.

ബാറുടമകളില്‍ നിന്നും പണം പിരിച്ചതായി വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പിരിച്ചത് കേസ് നടത്താനല്ലെന്നും വ്യക്തമായിട്ടുട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ പിരിച്ച പണം എങ്ങോട്ട് പോയെന്ന് കണ്ടെത്താന്‍ ഒരുങ്ങുകയാണ് വിജിലന്‍സ് വിഭാഗം. ധനമന്ത്രി മാണിക്കുപുറമെ മറ്റു മന്ത്രിമാര്‍ക്കും പണം നല്‍കിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

പണം പിരിച്ചത് കോഴ നല്‍കാനാണെന്നാണ് നിഗമനം. എന്നാല്‍, കോഴ നല്‍കിയത് ആര്‍ക്കൊക്കെയെന്ന് കണ്ടെത്തിയിട്ടില്ല. പണം എന്തു ചെയ്തുവെന്ന് ബാറുടമകളുടെ സംഘടന വെളിപ്പെടുത്താത്തതാണ് കാരണം. അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തില്‍ പിരിച്ച പണത്തെക്കുറിച്ച് സംഘടനയുടെ ഭാരവാഹികള്‍ക്ക് വിശദീകരിക്കേണ്ടി വരും.

2014 മാര്‍ച്ച് 22നും ഏപ്രില്‍ 2 നുമിടയിലാണ് പിരിവ് നടന്നത്. ഈ ദിവസങ്ങളില്‍ ബാങ്ക് വഴിയോ മറ്റേതെങ്കിലും വിധത്തിലോ ബാറുടമകള്‍ പണമിടപാട് നടത്തിയോയെന്ന് വിജിലന്‍സ് വിഭാഗം അന്വേഷിച്ചിരുന്നു. ബാറുടമകളില്‍ നിന്ന് മൊഴിയെടുത്തത് ഈ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ്. പല ബാറുടമകളും ഈ കാലയളവില്‍ ബാങ്കുകളില്‍ നിന്ന് തുക പിന്‍വലിച്ചതിന്റെ രേഖകള്‍ കിട്ടിയിട്ടുണ്ട്. ചിലര്‍ അസോസിയേഷന്റെ ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കുകയായിരുന്നു. ഒരു ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ നല്‍കിയവരുണ്ടെന്ന് ഇവരുടെ മൊഴികളില്‍ നിന്ന് വ്യക്തമാണ.

ധനമന്ത്രി കെ.എം മാണിക്ക് കോഴ നല്‍കിയെന്ന ആരോപണം ഉന്നയിച്ച ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് 10 ലക്ഷം രൂപയാണ് അസോസിയേഷന് നല്‍കിയത്. ഇതിന്റെ രേഖ വിജിലന്‍സിന്റെ പക്കമുണ്ട്.

ബാര്‍ ഒന്നിന് ഒരു ലക്ഷം രൂപയെന്ന നിരക്കിലായിരുന്നു പ്രധാനമായും പിരിവ്. ഏഴ് ബാറുകളുള്ള പാലക്കാട്ടെ വി.എം.രാധാകൃഷ്ണന്‍ ഏഴ് ലക്ഷം രൂപയാണ് നല്‍കിയത്. എന്നാല്‍, തിരുവനന്തപുരം, എറണാകുളം, കൊല്ലം, തൃശൂര്‍ ജില്ലകളിലെ വില്പന കൂടുതലുള്ള ബാറുകളുടെ ഉടമകള്‍ വലിയ തുകയാണ് നല്‍കിയത്. ബാറുടമകളുടെ മൊഴികള്‍ ഒത്തുനോക്കി വരികയാണ് വിജിലന്‍സ്. പൊരുത്തപ്പെടാത്തതാണ് ചില ബാറുടമകളുടെ മൊഴികള്‍.

കേസ് നടത്തേണ്ടി വരുമ്പോഴാണ് സാധാരണ എല്ലാ ബാറുടമകളില്‍ നിന്നും അസോസിയേഷന്‍ പണം പിരിക്കാറുള്ളത്. ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ ചെലവേറിയ കേസുകളൊന്നും ഇല്ലാതിരിക്കെയായിരുന്നു ഇത്തവണ പിരിവ്. സേവന നികുതി സംബന്ധിച്ച ഒരു കേസ് മാത്രമേ കോടതിയിലുണ്ടായിരുന്നുള്ളൂ. വലിയ ചെലവ് വരുന്ന കേസല്ല ഇത്. മാത്രമല്ല, ഈ കേസില്‍ സംസ്ഥാന സര്‍ക്കാരും ബാറില്ലാത്ത ക്ലാസിഫൈഡ് ഹോട്ടലുടമകളും കക്ഷി ചേര്‍ന്നിരുന്നു.

എന്നാല്‍ പിരിച്ചത് കേസ് നടത്താനാണെന്ന് ചില ബാറുടമകള്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. അവരില്‍ നിന്ന് വീണ്ടും മൊഴി എടുക്കും. ഏത് കേസ് നടത്താനാണെന്നും കേസിന് എത്ര ചെലവാക്കിയെന്നും അവര്‍ക്ക് വിശദീകരിക്കേണ്ടി വരും. ഇതിനിടെ വിജിലന്‍സ് അന്വേഷണത്തിന് മൂക്കുകയറിടാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. മാണിയില്‍ നിന്നും അന്വേഷണം കോണ്‍ഗ്രസ് മന്ത്രിമാരിലേക്കും നീളുന്നത് തടയാനാണ് ശ്രമം.

Top