അമേരിക്കയെ വെല്ലുവിളിച്ചു വീണ്ടും ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച് ഉത്തര കൊറിയ.മേഖലയിൽ സാന്നിധ്യം ശക്തമാക്കാനുള്ള യു.എസ് നീക്കത്തിന് കടുത്ത സൈനിക പ്രത്യാക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കകമാണ് മിസൈൽ വിക്ഷേപണം. ജപ്പാനും കൊറിയൻ ഉപദ്വീപിനുമിടയിലുള്ള സമുദ്രത്തിലാണ് മിസൈൽ ചെന്ന് പതിച്ചത്. ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം.
കംബോഡിയയില്‍ നടന്ന ത്രിരാഷ്ട്ര ഉച്ചകോടിയില്‍ ദക്ഷിണ കൊറിയയ്ക്കും ജപ്പാനും ആണവായുധ പിന്തുണ ഉള്‍പ്പെടെ എല്ലാ സഹായവും വാഗ്ദാനം ചെയ്ത നടപടിയിൽ അമേരിക്കയ്ക്ക് ദുഃഖിക്കേണ്ടി വരുമെന്ന് ഉത്തര കൊറിയ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ആണവ മിസൈല്‍ വിക്ഷേപണത്തിന് സമാനമായ പരീക്ഷണമാണ് നടത്തിയതെന്ന് ഉത്തരകൊറിയ അവകാശപ്പെട്ടു.വിക്ഷേപണത്തെ യുഎസും ദക്ഷിണ കൊറിയയും ജപ്പാനും അപലപിച്ചു.എട്ട് ദിവസത്തിനിടെ ഉത്തര കൊറിയ നടത്തുന്ന രണ്ടാം മിസൈല്‍ പരീക്ഷണമാണിത്.