വെളിപ്പെടുത്തലുകളെ ഭയക്കുന്നില്ല; നിയമ നടപടികളുമായി മുന്നോട്ട് പോകും:കെ.ബാബു

തിരുവനന്തപുരം: ബിജു രമേശിന്റെ വെളിപ്പെടുത്തലുകളെ ഭയക്കുന്നില്ലെന്ന് എക്‌സൈസ് മന്ത്രി കെ. ബാബു. തന്നെ വിരട്ടാനുള്ള ശ്രമം ബിജു രമേശ് തുടങ്ങിയിട്ട് കുറച്ചു കാലമായി. ഇതിലൊന്നും താന്‍ വീഴില്ലെന്നും ബാബു പറഞ്ഞു.

അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചതിന് ബിജു രമേശിനെതിരെ മാനനഷ്ട കേസ് കൊടുത്തിട്ടുണ്ട്. ഇതു പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം പിറകെ നടക്കുകയാണ്. ദൂതന്‍മാര്‍ മുഖേന കേസ് ഒത്തുതീര്‍പ്പാക്കാന്‍ പലതവണ ശ്രമിച്ചു. താന്‍ വഴങ്ങുന്നില്ലെന്ന് കണ്ടാണ് വീണ്ടും ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.

കെ.എം.മാണിയെ ഇന്നു രാവിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ പ്രശാന്തിയിലെത്തി സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ബാബു.

കെ.എം മാണിയ്ക്കു ശേഷം അടുത്ത ലക്ഷ്യം കെ.ബാബുവാണെന്ന് ബിജു രമേശ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മാണിയേക്കാള്‍ വലിയ കള്ളന്‍ ബാബുവാണെന്നും കൂടുതല്‍ കോഴ കൊടുത്തത് ബാബുവിനാണെന്നുമായിരുന്നു ബിജുവിന്റെ ആരോപണം. ബാബുവിനെ താഴെയിറക്കാനുള്ള നിയമ പോരാട്ടങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും ഇതിനായി കോടതിയെ സമീപിക്കുമെന്നും ബിജു രമേശ് പറഞ്ഞിരുന്നു.

Top