ന്യൂഡല്‍ഹി: ആം ആദ്മി സര്‍ക്കാരിനെ അട്ടിമറിച്ച് ബിജെപിയില്‍ ചേരുന്നതിന് 20 കോടി വാഗ്ദാനം ചെയ്‌തെന്ന ആരോപണവുമായി മുതിര്‍ന്ന ആം ആദ്മി പാർട്ടി നേതാക്കള്‍ രംഗത്ത്. അഞ്ച് ആപ്പ് എംഎല്‍എ മാരെയാണ് പണം വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും കൂറു മാറ്റുന്നതിനായി ബിജെപി ശ്രമിക്കുന്നതായി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ ആരോപണമുന്നയിച്ചത്. കേന്ദ്ര ഏജന്‍സികളെ ആപ്പ് നേതാക്കള്‍ക്കെതിരെ ഉപയോഗിക്കുന്നു എന്നും മനീഷ് സിസോദിയയെ മറ്റൊരു ഷിന്‍ഡേ ആക്കുന്നതിനാണ് ബിജെപി ശ്രമിച്ചതെന്നും അവര്‍ പറഞ്ഞു.
ആപ്പ് നേതാക്കളായ അജയ് ദത്ത്, സഞ്ജീവ് ജാ, സോമനാഥ് ഭാരതി, കുല്‍ദീപ് കുമാര്‍ എന്നിവരെ വാഗ്ദാനവുമായി ബിജെപി നേതാക്കള്‍ സമീപിച്ചു എന്ന് ആപ്പ് ദേശീയ വക്താവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിങ് പറഞ്ഞു.
‘ആപ്പ് സര്‍ക്കാരിലെ എംഎല്‍എമാരെ വീഴ്ത്തുന്നതിനുള്ള ശ്രമങ്ങള്‍ ബിജെപി ആരംഭിച്ച് കഴിഞ്ഞു. മനീഷ് സിസോദിയയെ മറ്റൊരു ഷിന്‍ഡേ ആക്കാനാണ് ബിജെപി ശ്രമിച്ചത്. ഒന്നുകിൽ 20 കോടി രൂപ സ്വീകരിക്കുക, അല്ലെങ്കില്‍ സിബിഐ അന്വേഷണം നേരിടുക എന്നാണ് ബിജെപി അംഗങ്ങള്‍ ഞങ്ങളെ ഭീഷണിപ്പെടുത്തിയത്. മറ്റ് എംഎല്‍എമാരെ കൂടെ കൂട്ടിയാല്‍ 25 കോടി നല്‍കാമെന്നും വാഗ്ദാനമുണ്ടായി’, എന്ന് സഞ്ജയ് സിങ് പറഞ്ഞു.