ബിജെപിയുടെ നേട്ടത്തില്‍ കരണത്ത് ‘അടി’ കിട്ടിയത് എന്‍എസ്എസ് ജന.സെക്രട്ടറിക്ക്

കോട്ടയം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ മുഖത്തടിച്ച വിജയ തിളക്കത്തില്‍ നടന്‍ സുരേഷ് ഗോപി.

തെരഞ്ഞെടുപ്പ് ദിവസം പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തെത്തിയ സുരേഷ് ഗോപിയെ അപമാനിച്ച് ഇറക്കിവിട്ട് ‘ഷോ’ കാണിച്ച സുകുമാരന്‍ നായരുടെ ധിക്കാരത്തിനുള്ള മറുപടിയാണ് അരുവിക്കരയിലെ ബിജെപി മുന്നേറ്റം.

34145 വോട്ട് നേടിയ ബിജെപിയാണ് യഥാര്‍ത്ഥത്തില്‍ അരുവിക്കരയില്‍ ശക്തി തെളിയിച്ചത്. സാങ്കേതികമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ശബരീനാഥാണ് വിജയിച്ചതെങ്കിലും ഇടതുപക്ഷത്തിനും യുഡിഎഫിനും കഴിഞ്ഞ തവണ ലഭിച്ച വോട്ടില്‍ നിന്ന് ഒരടി മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടില്ല.

എന്നാല്‍ ബിജെപിക്ക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടപ്പില്‍ ലഭിച്ചതിനെക്കാള്‍ നാലിരട്ടി വോട്ട് വര്‍ധനവാണ് ലഭിച്ചത്. പോളിംഗ് ശതമാനം ഉയര്‍ന്നത് യഥാര്‍ത്ഥത്തില്‍ ഗുണം ചെയ്തത് ബിജെപിക്കാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

എന്‍എസ്എസിന്റെ പിന്‍തുണ ബിജെപിക്കല്ലെന്ന് പ്രഖ്യാപിക്കാന്‍ ‘താരവധം’ നടപ്പാക്കിയ സുകുമാരന്‍ നായരുടെ കണക്കുകൂട്ടലുകള്‍ക്കും അപ്പുറമാണ് ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിന്റെ മുന്നേറ്റം.

രഷ്ട്രീയ നേതാക്കളെ കാല്‍ക്കീഴില്‍ വരുത്തി സമാന്തര അധികാര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍എസ്എസിന്റെ മുന്നില്‍ ഇപ്പോഴും മുട്ടുമടക്കാതെ നില്‍ക്കുന്നത് രാഷ്ട്രീയത്തില്‍ എതിര്‍ ചേരിയിലാണെങ്കിലും വി.എസ് അച്യുതാനന്ദനും വി.എം സുധീരനും മാത്രമാണ്.

നേരത്തെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ കടുത്ത നിലപാടെടുത്ത സിപിഎം പി.ബി അംഗം പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ‘അവസരോചിത’മായി സുകുമാരന്‍ നായര്‍ക്ക് അനുകൂലമായി നിലപാടെടുത്തത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ശബരീനാഥിന്റെ വിജയമാണ് തുടക്കം മുതല്‍ എന്‍എസ്എസ് നേതൃത്വം ആഗ്രഹിക്കുന്നതെന്ന് വ്യാപക പ്രചരണമുണ്ടായിരുന്നു.

ഈ ആരോപണത്തിന് സ്ഥിരീകരണമായിരുന്നു സുരേഷ്‌ഗോപിയെ ഇറക്കി വിട്ട് സുകുമാരന്‍ നായര്‍ നടത്തിയ പ്രതികരണം.

വി.എസ് നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് ദിവസം ടി.പി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചതിന് സമാനമായി സുരേഷ്‌ഗോപിയുടെ നടപടിയെ ചിത്രീകരിച്ച, സുകുമാരന്‍ നായര്‍ എന്‍എസ്എസ് ബിജെപിക്ക് അനുകൂലമാണെന്ന് തെറ്റിദ്ധരിക്കുമെന്നാണ് തുറന്നടിച്ചിരുന്നത്.

തെരഞ്ഞെടുപ്പ് ദിവസം കാലത്ത് അരങ്ങേറിയ ഈ സംഭവം വാര്‍ത്താ ചാനലുകള്‍ ചൂടുള്ള വാര്‍ത്തയാക്കിയത് ബിജെപിക്ക് നായര്‍ വോട്ടുകള്‍ നഷ്ടപ്പെടാന്‍ കാരണമാകുമെന്ന ആശങ്കയുമുണ്ടായിരുന്നു

എന്നാല്‍ അരുവിക്കരയിലെ ബിജെപിയുടെ വോട്ട് വര്‍ധനവ് പരിശോധിക്കുമ്പോള്‍ നായര്‍ സമുദായ അംഗങ്ങള്‍ വന്‍ തോതില്‍ രാജഗോപാലിന് വോട്ട് ചെയ്തതതായി കാണാന്‍ കഴിയും.

സുകുമാരന്‍ നായരുടെ ധിക്കാരത്തിനും അഹങ്കാരത്തിനുമുള്ള തിരിച്ചടിയാണിത്. കാരണം ഒ രാജഗോപാലിന് കിട്ടുന്ന ഓരോ വോട്ടിനും സുരേഷ് ഗോപിയുടെയും സംഭാവനയുണ്ട്. അരുവിക്കരയാകെ ഇളക്കി മറിച്ച് സുരേഷ് ഗോപിയും രാജഗോപാലും നടത്തിയ സംയുക്ത റോഡ്‌ഷോയും പൊതു യോഗങ്ങളുമാണ് ബിജെപിയുടെ മുന്നേറ്റത്തിന്റെ പ്രധാന ഘടകം.

ഇരുമുന്നണികള്‍ക്കുമിടയില്‍ ഒറ്റയ്ക്ക് നിന്ന് മത്സരിച്ച് 34145 വോട്ടുകള്‍ വാങ്ങിയ ബിജെപിയാണ് യഥാര്‍ത്ഥത്തില്‍ അരുവിക്കരയില്‍ ‘സുനാമിയായി ആഞ്ഞടിച്ചതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളും ചൂണ്ടിക്കാട്ടുന്നത്.

Top