ജാതി രാഷ്ട്രീയക്കളി; ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും നില പരുങ്ങലിലാകും?

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപി-എസ്എന്‍ഡിപി യോഗ കൂട്ടുകെട്ട് കരുത്ത് കാട്ടിയാല്‍ കോണ്‍ഗ്രസ്സില്‍ ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും നില പരുങ്ങലിലാവും.

സംസ്ഥാനത്തെ ഏറ്റവും വലിയ സമുദായത്തെ തഴഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ ഇത്തരമൊരു സാഹചര്യത്തില്‍ ഹൈക്കമാന്‍ഡ് തയ്യാറാകില്ലെന്നാണ് സൂചന.

രാഷ്ട്രീയപരമായി ഏറ്റവും അധികം വെല്ലുവിളി നേരിടുന്ന സിപിഎം പോലും വി.എസിനെ ആശ്രയിക്കാന്‍ നിര്‍ബന്ധമാവുന്ന സാഹചര്യത്തില്‍ അഭിപ്രായഭിന്നതകള്‍ മാറ്റിവച്ച് ഈഴവ സമുദായത്തില്‍പ്പെട്ട സുധീരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കാന്‍ ഗ്രൂപ്പ് നേതൃത്വങ്ങള്‍ നിര്‍ബന്ധിതമാകേണ്ടിവരും.

കോണ്‍ഗ്രസ്സിനെ പിന്തുണക്കുന്ന ജന വിഭാഗങ്ങളില്‍ പിന്നോക്ക വിഭാഗം നിര്‍ണ്ണായകമായതിനാല്‍ വോട്ട് ഭിന്നിക്കുന്നത് ഇടതുപക്ഷത്തിന് മാത്രമാണ് കോട്ടമാകുക എന്ന് കോണ്‍ഗ്രസ്സ് നേതാക്കളില്‍ നല്ലൊരു വിഭാഗവും ഇപ്പോള്‍ വിശ്വസിക്കുന്നില്ല.

മുസ്ലീം ലീഗും കോണ്‍ഗ്രസ്സും ഉള്‍പ്പെട്ട യുഡിഎഫിന് ജാതിയും മതവും നിര്‍ണ്ണായകമാവുമെന്ന് കരുതപ്പെടുന്ന തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കൂടി ഇനി ന്യൂനപക്ഷ സമുദായത്തില്‍ നിന്നായാല്‍ അത് തിരിച്ചടിയാവുമെന്ന വിലയിരുത്തലിലാണ് ഒരു വിഭാഗം നേതാക്കള്‍.

അഞ്ചാം മന്ത്രി സ്ഥാനം മുതല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുടര്‍ച്ചയായി നടത്തിയ ന്യൂനപക്ഷ പ്രീണനമാണ് മൂന്നാം ബദലിന്റെ പ്രധാന പ്രചരണായുധമെന്നതിനാല്‍ ന്യൂനപക്ഷ വോട്ടില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ച് നിന്നാല്‍ പാര്‍ട്ടിയുടെ അടിത്തറ തകരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നത്.

ബിജെപി-എസ്എന്‍ഡിപി യോഗ കൂട്ടുകെട്ടിനെതിരെ വി.എസിന്റെയും പിണറായിയുടെയും നേതൃത്വത്തില്‍ കടുത്ത ആക്രമണം നടത്തുമ്പോള്‍ യുഡിഎഫിനൊപ്പം പ്രതീക്ഷിക്കുന്ന ന്യൂനപക്ഷ വോട്ടുകളില്‍ നല്ലൊരു പങ്ക് ഇടതുമുന്നണിയുടെ പെട്ടിയില്‍ വീഴാനുള്ള സാധ്യതയും കൂടുതലാണ്.

ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ടുകൂടിയാണ് എസ്എന്‍ഡിപി യോഗം -ബിജെപി കൂട്ടുകെട്ടിനെതിരെ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ തന്നെ ആഞ്ഞടിച്ച് രംഗത്തു വന്നത്.

വെള്ളാപ്പള്ളിയെ പിണക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ബിജെപിയുടെ മൂന്നാം ബദലിനെതിരെ രംഗത്ത് വന്നെങ്കിലും വെള്ളാപ്പള്ളിയെ വിമര്‍ശിക്കാന്‍ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. നേതൃത്വത്തിന്റെ ഈ അവസരവാദ നിലപാടിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ നിരാശയുണ്ട്.

മൂന്നാം ബദലിനെ മുളയിലേ നുള്ളാന്‍ പിന്നോക്ക വിഭാഗത്തിലെ വി.എം സുധീരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നതാണ് അഭികാമ്യമെന്ന അഭിപ്രായമാണ് എ.കെ ആന്റണിക്കും രാഹുല്‍ഗാന്ധിക്കുമുള്ളത്.

ഹൈക്കമാന്‍ഡിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു നീക്കമുണ്ടായാല്‍ അത് മുഖ്യമന്ത്രി സ്ഥാനത്തിന് രണ്ടാമൂഴം സ്വപ്നം കാണുന്ന ഉമ്മന്‍ചാണ്ടിക്കും പിന്‍ഗാമിയാവാനുള്ള രമേശ് ചെന്നിത്തലയുടെ സ്വപ്നങ്ങള്‍ക്കും വലിയ തിരിച്ചടിയാകും.

തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ വിധി എന്തായാലും അത് കോണ്‍ഗ്രസ് രാഷട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്കിടയാക്കും.

Top