ബിജെപി നേതാക്കള്‍ മൗനത്തില്‍; സുകുമാരന്‍ നായരെ കടന്നാക്രമിച്ച് സിപിഎം സഹയാത്രികന്‍

കൊച്ചി: നടന്‍ സുരേഷ്‌ഗോപിയെ എന്‍എസ്എസ് ആസ്ഥാനത്ത് നിന്ന് ഇറക്കി വിട്ട സുകുമാരന്‍ നായരുടെ നടപടിയെ ആക്രമിച്ചും വെല്ലുവിളിച്ചും നടന്‍ അനൂപ് ചന്ദ്രന്‍ രംഗത്ത്.

അരുവിക്കരയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിന് വേണ്ടി റോഡ് ഷോ നടത്തിയും പൊതു യോഗങ്ങളില്‍ പ്രസംഗിച്ചും വിയര്‍പ്പൊഴുക്കിയ സുരേഷ് ഗോപിക്ക് എന്‍എസ്എസ് ആസ്ഥാനത്ത് നേരിട്ട അപമാനത്തില്‍ ബിജെപി നേതൃത്വം മൗനം പാലിക്കുന്ന സാഹചര്യത്തിലാണ് അപ്രതീക്ഷിത പ്രതിഷേധവുമായി അനൂപ് ചന്ദ്രന്‍ രംഗത്തത് വന്നത്.

ജി.സുകുമാരന്‍നായരുടെ തറവാട്ട്‌ സ്വത്തല്ല എന്‍എസ്എസ് ആസ്ഥാനമെന്നും സാമുദായിക നേതാക്കളെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്ന ഏത് കലാകാരനും സംഭവിക്കാന്‍ പോകുന്ന ദുര്യോഗമിതായിരിക്കുമെന്നും അനൂപ് പറഞ്ഞു.

ഇന്നലെ എന്‍എസ്എസ് ആസ്ഥാനത്ത് നടന്ന ബജറ്റ് സമ്മേളനത്തിലേക്ക് നടന്‍ സുരേഷ് ഗോപി കയറിവന്നതിനെതിരെയായിരുന്നു സുകുമാരന്‍ നായരുടെ നടപടി. ഈ അഹങ്കാരം എന്‍എസ്എസിനോടു വേണ്ടെന്നും അനുമതിയില്ലാതെ ഷോ കാണിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സുകുമാരന്‍ നായര്‍ ഇന്നലെ പറഞ്ഞിരുന്നു

എന്നാല്‍ സമ്മേളന വേദിയിലേക്ക് പ്രതിനിധി സഭയിലെ ഒരാളാണ് തന്നെ വിളിച്ചുകൊണ്ടുപോയതെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇടവേളയാണെന്ന് പറഞ്ഞതിനാലാണ് താന്‍ സമ്മേളന സ്ഥലത്തേക്ക് പോയത്. തന്നെ കൂട്ടിക്കൊണ്ടുപോയയാളുടെ പേരറിയില്ലെങ്കിലും കണ്ടാലറിയാമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഹൃദയം പൊട്ടിയെന്ന് അദ്ദേഹം പറഞ്ഞു.

ജന്‍മ നക്ഷത്രമായതിനാല്‍ ഗുരുവായൂരില്‍ തൊഴുതു മടങ്ങുമ്പോള്‍ മന്നത്തപ്പനെ വണങ്ങാന്‍ വേണ്ടിയാണ് താന്‍ പോയത്‌. തനിക്ക് അബദ്ധം പറ്റിയതാണെന്നും എന്‍എസ്എസിനോട് വിദ്വേഷമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നടപടിക്രമങ്ങള്‍ പാലിച്ച് അനുവാദം വാങ്ങി ഇനിയും എന്‍എസ്എസ് ആസ്ഥാനത്ത് പോകുമെന്നും സുരേഷ് ഗോപി കൂട്ടി ചേര്‍ത്തു.

Top