ബിയര്‍ – വൈന്‍ പാര്‍ലര്‍ ലൈസന്‍സിന് എക്‌സൈസ് ഉദ്യോഗസ്ഥരുടെ പണപ്പിരിവ്

തിരുവന്തപുരം: പുതിയ ബിയര്‍ – വൈന്‍ പാര്‍ലര്‍ ലൈസന്‍സിന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വന്‍ തോതില്‍ കോഴവാങ്ങുന്നു. ഹൈജീനിക് പരിശോധനയുടെ പേരിലാണ് പണപ്പിരിവ്.  സര്‍ക്കാര്‍ പ്രത്യേക താല്‍പര്യമെടുത്താണ് പൂട്ടിയ 418 ബാറുകള്‍ക്ക് ബിയര്‍ – പാര്‍ലര്‍ ലൈസന്‍സ് നല്‍കുന്നത്. ഇതിന്റെ പേരിലും ഉദ്യോഗസ്ഥര്‍ പണംപിരിക്കുന്നതില്‍ ബാറുടമകള്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്.

കഴിഞ്ഞ ദിവസം മുതലാണ് സര്‍ക്കാര്‍ ബിയര്‍ പാര്‍ലറുകള്‍ക്കുള്ള എഫ്എല്‍ 11 ലൈസന്‍സ് നല്‍കിതുടങ്ങിയത്. ഇതിനായി അബ്കാരിചട്ടവും ഭേദഗതി ചെയ്തു. യുഡിഎഫിന്റെ തിരുത്തിയ മദ്യനയപ്രകാരമാണ് ചട്ടംഭേദഗതി വരുത്തിയത്. യുഡിഎഫിലും കോണ്‍ഗ്രസിലും വന്‍ പ്രത്യാഘാതം പോലും സൃഷ്ടിച്ച ഒരു നിയമത്തിന്റെ പേരിലും പണം പിരിക്കുന്നത് അതിശയകരമാണ്.

പൂട്ടിയ മുഴുവന്‍ ബാറുകള്‍ക്കും ഹൈജീനിക് പരിശോധന നടത്തി ലൈസന്‍സ് നല്‍കാനാണ് തീരുമാനം. ഇതുപ്രകാരം 250ല്‍ അധികം ബാറുകള്‍ക്ക് ബിയര്‍ പാര്‍ലര്‍ ലൈസന്‍സ് കിട്ടി. ഇവരില്‍ നിന്നാണ് ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ തേൃത്വത്തില്‍ പണംപിരിച്ചത്. ഹൈജീനിക് പരിശോധന നടത്തുന്നതിനുള്ള അധികാരം ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കാണ്. ലൈസന്‍സ് അനുവദിക്കുന്നതും ഇവരാണ്. അരലക്ഷം രൂപവരെ വാങ്ങിയതായാണ് ആരോപണം.

ഉദ്യോഗസ്ഥരുടെ പിരിവിനെതിരെ എക്‌സൈസ് മന്ത്രിക്ക് പരാതി നല്‍കാനുള്ള നീക്കത്തിലാണ് ബാറുടമകളുടെ സംഘടനയായ കേരള ബാര്‍ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍.

Top