കൊച്ചി: പൂട്ടിയ ബാറുകള്‍ക്കുള്‍പ്പെടെ യഥേഷ്ടം ബിയര്‍ – വൈന്‍ പാര്‍ലറുകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കോടതി വിധി ലംഘിച്ച്.
ബിയറിനും വൈനിനും പ്രത്യേക ലൈസന്‍സ് കൊടുക്കണമെന്നും ഇളവുകള്‍ പാടില്ലെന്നുമുള്ള ഹൈക്കോടതി ജസ്റ്റീസ് വി.സുരേന്ദ്ര മോഹന്റെ വിധി ന്യായമാണ് മദ്യ ലോബിയെ പ്രീണിപ്പെടുത്തുന്ന തിരക്കില്‍ മന്ത്രിസഭ മറന്നത്. ഇത് കോര്‍ട്ട് അലക്ഷ്യമാണെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
മദ്യനയം തിരുത്തിയതിനെതിരെ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ശക്തമായി രംഗത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് കോടതി ഉത്തരവ് മറകടന്ന വിവരവും പുറത്തായിരിക്കുന്നത്.
വിദേശ മദ്യത്തിന്റെ പരിധിയില്‍ തന്നെയാണ് ബിയറും വൈനും വരുന്നത്. ബാര്‍ സ്ഥാപിക്കുന്നതിനാവശ്യമായ നയപരമായ നടപടിക്രമങ്ങളും അനുമതിയും ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്കും അനിവാര്യമാണ്. ഈ നിയമപരമായ നൂലാമാലകള്‍ മറികടക്കുന്നതിന് സര്‍ക്കാര്‍ തീരുമാനം ബാറുടമകള്‍ക്ക് തുണയാകും.
ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത ഹര്‍ജിയില്‍ സുപ്രീംകോടതിയാണ് നിലവാരമില്ലാത്ത 418 ബാറുകള്‍ക്കും പ്രവര്‍ത്തനാനുമതി നിഷേധിച്ചിരുന്നത്. ഈ ബാറുകള്‍ക്കും മുഖ്യമന്ത്രിയുടെ ‘നാടകം’മൂലം പൂട്ടിയ മറ്റ് ബാറുകള്‍ക്കുമാണ് നിലവിലുള്ള ലൈസന്‍സിന്റെ തുടര്‍ച്ചയായി തന്നെ ബാര്‍ – വൈന്‍ പാര്‍ലറുകള്‍ അനുവദിക്കുന്നത്. ഇത് പുതിയ നിയമ യുദ്ധത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.