ന്യൂഡല്‍ഹി: ബിസിനസ് രംഗത്ത് ലോകത്തെ ഏറ്റവും ശക്തരായ ഇന്ത്യന്‍ വനിതകളുടെ പട്ടികയില്‍ മുന്‍നിരയില്‍ എസ്ബിഐ മേധാവി അരുന്ധതി ഭട്ടാചാര്യ ഒന്നാം സ്ഥാനത്ത്. ഫോര്‍ച്യൂണ്‍ മാഗസിന്‍ തയാറാക്കിയ ലിസ്റ്റില്‍ ബാങ്കിംഗ് മേധാവികളാണ് മുന്‍ നിരയില്‍. ഐസിഐസിഐ ബാങ്കിന്റെ ചന്ദാ കൊച്ചാറും, ആക്‌സിസ് ബാങ്കിന്റെ ശിഖ ശര്‍മ്മയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്. പട്ടികയില്‍ പുതുതായി എട്ടുപേര്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
കിട്ടാക്കടം നിയന്ത്രണവിധേയമാക്കാന്‍ നടത്തിയ ശ്രമങ്ങളാണ് അരുന്ധതി ഭട്ടാചാര്യയെ ഒന്നാമതെത്തിച്ചത്. എസ്ബിഐ ആസ്തിമൂല്യം വര്‍ധിച്ചതിലും വിദേശത്ത് 190 ശാഖകളുള്ള ബാങ്കിന്റെ പുരോഗതിയിലും അവര്‍ വഹിച്ച പങ്ക് സ്തുത്യര്‍ഹമെന്ന് ഫോര്‍ച്യൂണ്‍ വിലയിരുത്തുന്നു.
പുതുതായി പട്ടികയില്‍ ഇടംപിടിച്ചവരില്‍ എച്ച്പിസിഎല്‍ എംഡി നിഷി വാസുദേവ, ഷഹനാസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകയായ ഷഹനാസ് ഹുസൈന്‍, ഐസിഐസിഐ ഹോള്‍സെയില്‍ ബാങ്ക് പ്രസിഡന്റ് സരിന്‍ ദാറുവാല, ഐഎല്‍ ആന്‍ഡ് എഫ്എസ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സ് മേധാവി അര്‍ച്ചന ഹിങ്കോരാനി എന്നിവരും ഉള്‍പ്പെടുന്നു.
ബാങ്കിങ്ങിനു പുറമേ, ഫിനാന്‍സ്, ഹെല്‍ത്ത് കെയര്‍, മീഡിയ, ഫാഷന്‍, എന്റര്‍ടെയിന്‍മെന്റ് രംഗത്തുനിന്നുള്ള വനിതകളാണ് പട്ടികയില്‍.