ബിഹാര്‍ പൂര്‍ണമായി വികസിക്കാതെ രാജ്യത്തിന് മുന്നേറാന്‍ കഴിയില്ലെന്ന് മോഡി

പട്‌ന: ബിഹാര്‍ പൂര്‍ണമായി വികസിക്കാതെ രാജ്യത്തിന് മുന്നേറാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബിഹാറിലെ ബംഗയില്‍ നടന്ന പരിവര്‍ത്തന്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ റാലിയായിരുന്നു ഇത്.

കലാപങ്ങള്‍ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല മാവോവാദത്തിന്റെയും കലാപത്തിന്റെയും പാതകള്‍ ആശ്ലേഷിച്ച യുവാക്കള്‍ മുഖ്യധാരയില്‍ മടങ്ങിയെത്തണം. ബുള്ളറ്റ് നാശവും ബാലറ്റ് വികസനവുമാണ് കൊണ്ടുവരിക പ്രധാനമന്ത്രി പ്രസംഗത്തില്‍ വ്യക്തമാക്കി പറഞ്ഞു.

ഈ വര്‍ഷം ബിഹാറില്‍ രണ്ട് ദിവാലി ആഘോഷം ഉണ്ടാകുമെന്ന് മോഡി. ഒന്ന് സാധാരണ നിലയിലുള്ള ദിവാലിയും മറ്റൊരു തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷവും മോഡി പറഞ്ഞു.

ഇയ്യിടെ അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ അവിടെ വച്ച് നിരവധി ബിഹാറുകാരുമായി സംസാരിച്ചു. അമേരിക്കയില്‍ മെച്ചപ്പെട്ട ജീവിതം നയിക്കുന്നവര്‍ നാട്ടിലെ സ്ഥിതിയില്‍ ആശങ്കാകുലരാണ്. സ്വന്തം ജന്മനാട് വികസിക്കാതെ തങ്ങള്‍ സന്തുഷ്ടരാകില്ലെന്നാണ് അവര്‍ പറയുന്നത്. ഇങ്ങനെ വികസനദാഹമുള്ള ചെറുപ്പക്കാര്‍ ഉള്ളപ്പോള്‍ ബിഹാറിന് പിന്നാക്കം പോകാനാവില്ല. എല്ലാതരത്തിലുള്ള വെല്ലുവിളികളെയും അതിജീവിച്ച ബിഹറാനിന് ഇത് വികസനത്തിന്റെ സമയമാണെന്നും മോഡി പറഞ്ഞു.

സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് ഒരു ഔദാര്യമല്ല, അത് ബിഹാറിന്റെ അവകാശമാണ്. എന്നാല്‍, ഇപ്പോഴത്തെ സര്‍ക്കാരിന് എന്ത് ഫണ്ട് നല്‍കിയിട്ടും എന്താണ് കാര്യം? ഇപ്പോഴത്തെ മുഖ്യമന്ത്രിക്ക് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനമൊന്നും പാലിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതു പോലെ വാഗ്ദാനലംഘനം നടത്തിയ മുഖ്യമന്ത്രിക്ക് വീണ്ടും വോട്ട് ചോദിക്കാനുള്ള യാതൊരു അവകാശവുമില്ല. ഇങ്ങനെയുള്ള ആളുകളെ എങ്ങിനെയാണ് ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുക. അവര്‍ ജിതിന്‍ റാം മാഞ്ചിയോട് ചെയ്ത കാര്യം മറക്കരുത് പ്രധാനമന്ത്രി പറഞ്ഞു.

യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയാണ് ബി.ജെ.പി.യുടെ ലക്ഷ്യം. കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്ന തരത്തിലാണ് നയങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ധനികര്‍ക്കെന്ന പോലെ പാവപ്പെട്ടവര്‍ക്കും വൈദ്യുതി ലഭ്യമാക്കാനാണ് ലക്ഷമിടുന്നത്. ഇതിന് പ്രധാനമന്ത്രി എന്ന നിലയില്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്. അധികാരമാറ്റത്തിനുശേഷം ജാര്‍ഖണ്ഡിന്റെ മുച്ഛായ തന്നെ മാറിയിരിക്കുന്നു. അവിടുത്തെ ആരോഗ്യരംഗവും ഏറെ മെച്ചപ്പെട്ടു. ഇന്ന് ലോകബാങ്കിന്റെ കണക്കില്‍ ജാര്‍ഖണ്ഡ് മൂന്നാം സ്ഥാനത്തും ബിഹാര്‍ ഇരുപത്തിയേഴാം സ്ഥാനത്തുമാണ്പ്രധാനമന്ത്രി പറഞ്ഞു.

Top