ബിഹാറിലെ ജനവിധി തന്റെ പിതാവിന്റെ മരണത്തിനുള്ള പ്രതിഫലം; അഖ്‌ലാക്കിന്റെ മകന്‍

ബിസാദ: ബിഹാറില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് ഏറ്റ കനത്ത തോല്‍വി തന്റെ പിതാവിന്റെ മരണത്തിനുള്ള പ്രതിഫലമാണെന്ന് ദാദ്രിയില്‍ കൊലചെയ്യപ്പെട്ട മുഹമ്മദ് അഖ്‌ലാക്കിന്റെ മകന്‍ സര്‍താജ്.

ജനങ്ങള്‍ വര്‍ഗീയ ചേരിതിരിവിനെയും ആക്രമണങ്ങളെയും എതിര്‍ക്കുന്നതിന്റെ ഫലമാണ് ബിഹാറില്‍ കണ്ടത്. വെറുപ്പിന്റെ രാഷ്ട്രീയത്തിനു രാജ്യത്ത് സ്വീകാര്യതയില്ല. മതത്തിന്റെ പേരില്‍ രാഷ്ട്രീയ പോരാട്ടം നടത്തുന്നതിനെ ജനങ്ങള്‍ വെറുക്കുന്നതിന്റെ വ്യക്തമായ സൂചനയാണിതെന്നും സര്‍താജ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഗോമാംസം കഴിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് സെപ്റ്റംബര്‍ 28-നാണ് മുഹമ്മദ് അഖ്‌ലാക്കിനെ ഒരുസംഘം ആളുകള്‍ വീട്ടില്‍കയറി തല്ലിക്കൊന്നത്. പിന്നീടു ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ അഖ്‌ലാക്കിന്റെ വീട്ടില്‍നിന്നു ലഭിച്ചത് ആട്ടിറച്ചിയാണെന്ന് തെളിഞ്ഞിരുന്നു.

ദാദ്രി സംഭവത്തിനുശേഷം അഖ്‌ലാഖിന്റെ കുടുംബം മറ്റൊരു സ്ഥലത്തേക്ക് താമസം മാറ്റിയിരുന്നു.

Top