മുംബൈ: ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് ശിവ സേന രംഗത്ത്. ബി.ജെ.പി ജനങ്ങളുടെ പ്രതീക്ഷ നശിപ്പിച്ചുവെന്നും ഭാവിയില്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് പ്രതീക്ഷകള്‍ നല്‍കരുതെന്നും ശിവസേന തങ്ങളുടെ മുഖപത്രമായ സാമനയില്‍ പറയുന്നു.
കഴിഞ്ഞ 15 വര്‍ഷം കോണ്‍ഗ്രസും എന്‍.സി.പി യും ഭരിച്ചതിനേക്കാള്‍ മോശമായാണ് ബി.ജെ.പി ഇപ്പോള്‍ ഭരിക്കുന്നത്. കഴിഞ്ഞ ദിവസം വിശ്വാസ വോട്ടിനിടെ നടന്ന നാടകീയ നിമിഷങ്ങള്‍ കോണ്‍ഗ്രസും എന്‍.സി.പി യും ഭരിച്ച കാലത്തുള്ളതിനേക്കാള്‍ കൂടുതലാണ്. ജനങ്ങളുടെ സ്വപ്‌നവും പ്രതീക്ഷയും നഷ്ടപ്പെടുത്തിയതിന് ആര് സമാധാനം പറയും. പത്രത്തിന്റെ എഡിറ്റോറിയല്‍ ചോദിക്കുന്നു.
ജനങ്ങള്‍ ഒരു മാറ്റത്തിന് വേണ്ടിയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ക്ക് വോട്ട് ചെയ്തത്. പക്ഷേ, എന്‍.സി.പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതിനാല്‍ ജനങ്ങളുടെ ആഗ്രഹം നിറവേറാതെ വരും.
മഹാരാഷ്ട്രയില്‍ കടുത്ത നിലപാടുമായി ശിവസേന പ്രതിപക്ഷത്തിരിക്കുന്നത് സംസ്ഥാനത്തെ ഫട്‌നാവിസ്, കേന്ദ്രത്തിലെ മോദി സര്‍ക്കാറുകള്‍ക്കു വന്‍ വെല്ലുവിളിയായിരിക്കുകയാണ്. ശബ്ദവോട്ടിന്റെ ബലത്തിലാണ് താല്‍ക്കാലികമായി മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയത്. മഹാരാഷ്ട്രയില്‍ അപമാനിതരായ സേന എന്‍.ഡി.എ വിട്ടേക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.