ന്യൂഡല്‍ഹി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേതൃസ്ഥാനത്ത് നീന്ന് നീക്കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഗൗരവമായി ആലോചിക്കുന്നു.
വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിന് നല്‍കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനമാണ് സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ചൊടിപ്പിച്ചിരിക്കുന്നത്. അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പിന്റെ ‘പരിഗണന’ വച്ച് എന്തും ചെയ്യാമെന്ന ധാരണ ആര്‍ക്കും വേണ്ടെന്നാണ് ഹൈക്കമാന്റ് വൃത്തങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്.
പ്രതിപക്ഷത്തെ ഭിന്നതയാണ് തെരഞ്ഞെടുപ്പ് വിജയത്തിന് കാരണമെന്നും സര്‍ക്കാരിന്റെ ഭരണ നേട്ടമല്ലെന്ന വിലയിരുത്തലും നേതൃത്വത്തിനുണ്ട്. അതുകൊണ്ട് തന്നെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടേണ്ടെന്നാണ് ഹൈക്കമാന്റിലെ വികാരം.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണിയെയോ അല്ലെങ്കില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെയോ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടണമെന്ന അഭിപ്രായത്തിനാണ് നേതാക്കള്‍ക്കിടയില്‍ മുന്‍തൂക്കം. സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ‘ഗുഡ്‌ലിസ്റ്റില്‍’ ആന്റണിക്കൊപ്പം കേരളത്തില്‍ നിന്ന് സുധീരന്‍ മാത്രമാണുള്ളത്.
റോബര്‍ട്ട് വധേരയെ കുരുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പ്രതിരോധിക്കാന്‍ അദാനി ഗ്രൂപ്പിന് നല്‍കുന്ന വഴിവിട്ട സഹായങ്ങളാണ് കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ആയുധമാക്കുന്നത്. ഈ നിലപാടിന് വിഴിഞ്ഞം പദ്ധതി തിരിച്ചടിയാകുമെന്ന് കണ്ടാണ് ഹൈക്കമാന്റ് നിലപാട് കടുപ്പിച്ചിരിക്കുന്നത്.
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നടത്തിപ്പ് നിര്‍വ്വഹണം മോഡിയുടെ ‘സ്വന്തം’ അദാനി ഗ്രൂപ്പിന് നല്‍കുക വഴി ബി.ജെ.പിക്ക് കേരളത്തില്‍ വിജയിക്കാനുള്ള സാഹചര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒരുക്കിയതായി ‘ഐ’ ഗ്രൂപ്പിനും പരാതിയുണ്ട്.
കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ ഉമ്മന്‍ ചാണ്ടിക്ക് സന്ദര്‍ശനാനുമതി നിഷേധിച്ച ഹൈക്കമാന്റ് നടപടി വരാനിരിക്കുന്ന കര്‍ക്കശ നിലപാടിന്റെ തുടക്കമാണെന്നാണ് ഹൈക്കമാന്റ് കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട യോഗത്തില്‍ നിന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ വിട്ട് നിന്നതും ഹൈക്കമാന്റ് നിര്‍ദേശത്തെ തുടര്‍ന്നാണ്.
ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ഒ.രാജഗോപാലിനെ മത്സരിപ്പിക്കാന്‍ അദാനി വഴി ബി.ജെ.പി നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടി ഇടപെട്ടുവെന്ന പ്രതിപക്ഷ ആരോപണവും ഉമ്മന്‍ ചാണ്ടിക്കെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം ആയുധമാക്കുന്നുണ്ട്.
അരുവിക്കരയില്‍ പരാജയപ്പെട്ടാല്‍ മുഖ്യമന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടി വരുമെന്ന് ഉറപ്പായതിനാലാണ് നാണംകെട്ട രാഷ്ട്രീയ കളിക്ക് മുഖ്യമന്ത്രി ഇറങ്ങിയതെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം.
കാര്യങ്ങളെന്തായാലും ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ നേട്ടം ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിക്ക് ‘കോട്ട’മായി മാറിയിരിക്കുകയാണ്