ബി.ജെ.പി മഹാരാഷ്ട്രയുടെ ശത്രു: ശിവസേന

മുംബൈ: 25 വര്‍ഷത്തെ സഖ്യം അവസാനിപ്പിച്ച ശേഷം ബി.ജെ.പിക്ക് ശിവസേനയുടെ ആദ്യ ‘കൊട്ട്’. ബി.ജെ.പി മഹാരാഷ്ട്രയുടെ ശത്രുവാണെന്നാണ് ശിവസേനയുടെ മുഖപത്രമായ സാംമ്‌നയില്‍ ഇന്ന് പറയുന്നത്.

ബി.ജെ.പിയും ശിവസേനയും ഒരുമിച്ച് പോകണമെന്ന് തന്നെയാണ് മഹാരാഷ്ട്രയിലെ ജനങ്ങള്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍, ബന്ധം അവസാനിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ബി.ജെ.പി മഹാരാഷ്ട്രയുടെ ശത്രുവാണ്. പത്രത്തിന്റെ എഡിറ്റോറിയല്‍ പറയുന്നു. ബന്ധം പിരിഞ്ഞത് 105 മറാത്തി രക്തസാക്ഷികളോടുള്ള അവഹേളനമാണ്. 25 വര്‍ഷം ഹൈന്ദവ പ്രത്യയ ശാസ്ത്രത്തില്‍ ഒരുമിച്ച് നിന്ന ബി.ജെ.പിയും ശിവസേനയും വേര്‍പിരിഞ്ഞത് ദൗര്‍ഭാഗ്യകരമാണെന്നും പത്രം പറയുന്നു.

ബന്ധം നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ അവസാന നിമിഷം വരെ ആത്മാര്‍ത്ഥമായി ശിവസേന ശ്രമിച്ചിരുന്നു. എന്തൊക്കെയായാലും മഹാരാഷ്ട്രയുടെ ഭവി നശിക്കരുതെന്നാണ് ആഗ്രഹം. പത്രം പറയുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയും അതിന്റെ നേതാക്കളും മുംബൈയുടെയും മഹാരാഷ്ട്രയുടെയും ഭാവി ഓര്‍ത്ത് ആശങ്കപ്പെടേണ്ട. കാരണം ശിവസേന മഹാരാഷ്ട്രയെ സംരക്ഷിക്കുമെന്നും പാര്‍ട്ടി മുഖപത്രം പറയുന്നു.

Top