ബീഫ് പരിശോധന: ഡല്‍ഹി പൊലീസ് മിതത്വം പാലിക്കണമായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി

കോഴിക്കോട്: കേരള ഹൗസിലെ ബീഫ് പരിശോധനയില്‍ ഡല്‍ഹി പൊലീസ് മിതത്വം പാലിക്കേണ്ടതായിരുന്നു എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഡല്‍ഹി പൊലീസ് ഏതറ്റം വരെ പോയി എന്നറിയില്ല, പത്രങ്ങളിലൂടെ ലഭിച്ച വിവരങ്ങള്‍ മാത്രമേയുള്ളു. ഏതെങ്കിലും പരാതി പരിശോധിക്കാനാണെങ്കില്‍ അതിനു പാലിക്കേണ്ട നടപടി ക്രമങ്ങള്‍ ഉണ്ട്.

അവര്‍ കേരള ഹൗസിനകത്തു കയറിയെങ്കില്‍ തെറ്റാണ്. കേരള ഹൗസ് ഹോട്ടലല്ല, സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക അതിഥി മന്ദിരമാണ്. അവിടെ അതിക്രമം കാണിക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളാ ഹൗസിലെ പരിശോധനയില്‍ സംസ്ഥാനം പ്രതിഷേധം അറിയിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും അറിയിച്ചു. ഡല്‍ഹി പൊലീസിന്റെ നടപടി അംഗീകരിക്കാനാകില്ല. പ്രതിഷേധം അറിയിച്ച് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കു കത്തു നല്‍കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top