ബീഫ് ഫെസ്റ്റിനെതിരെ 25-ന് ഹനുമാന്‍ സേനയുടെ പന്നി ഫെസ്റ്റ്

കോഴിക്കോട്: ബീഫ് ഫെസ്റ്റിന്റെ മറവില്‍ ഹൈന്ദവ ആചാരങ്ങളെ അപമാനിക്കുന്നതിനെതിരെ പന്നി ഫെസ്റ്റ് നടത്തി പ്രതിഷേധിക്കുമെന്ന് ഹനുമാന്‍ സേന.

ഈ മാസം 25-ന് കോഴിക്കോട് കിഡ്‌സന്‍ കോര്‍ണറില്‍ വച്ചാണ് പന്നിഫെസ്റ്റ് നടത്തുകയെന്ന് ഹനുമാന്‍ സേന സംസ്ഥാന ചെയര്‍മാന്‍ എം.എം ഭക്തവത്സലന്‍ അറിയിച്ചു.

ഒരു മതത്തിന്റെയും വികാരങ്ങള്‍ വൃണപ്പെടുത്തരുതെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം ബീഫ് ഫെസ്റ്റ് നടത്തി ഗോമാതാവിനെ അപമാനിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഭരണ- പ്രതിപക്ഷ ഭേദമന്യേ ഒരു വിഭാഗത്തെ പ്രീണിപ്പെടുത്താന്‍ മറ്റൊരു വിഭാഗത്തെ കരുവാക്കി അപമാനിക്കാന്‍ കോളേജുകളില്‍ ഇപ്പോള്‍ പഠനത്തിന് പകരം ബീഫ് ഫെസ്റ്റ് നടത്താനാണ് ഒരു വിഭാഗം അധ്യാപകരും പറയുന്നത്. ഇത് പ്രതിഷേധാര്‍ഹമാണ്.

ഈ ഒരു സാഹചര്യത്തിലാണ് മതവികാരത്തെ വൃണപ്പെടുത്തുന്നതിലുള്ള പ്രതിഷേധ സൂചകമായി പന്നി ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

കോഴിക്കോട്ടെ പരിപാടിക്ക് ശേഷം സംസ്ഥാന വ്യാപകമായി ആവശ്യമെങ്കില്‍ പന്നിഫെസ്റ്റ് നടത്തുമെന്നും ഹനുമാന്‍ സേന നേതാവ് അറിയിച്ചു.

Top