ബീഹാര്‍ നിയമസഭ പിരിച്ചുവിടാന്‍ ജിതന്‍ റാം മാഞ്ചി ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്തു

പട്‌ന: ബീഹാറില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ നിയമസഭ പിരിച്ചുവിടാന്‍ ജിതന്‍ റാം മാഞ്ചി ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. മുഖ്യമന്ത്രി സ്ഥാനം രാജിവച്ചൊഴിയുന്നതുമായി ബന്ധപ്പെട്ട് ജിതന്‍ റാം മാഞ്ചി ഇന്ന് വിളിച്ച് ചേര്‍ത്ത അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

അതേസമയം ഇന്ന് നടന്ന മന്ത്രിസഭായോഗത്തില്‍ ഏഴ് മന്ത്രിമാര്‍ മുഖ്യമന്ത്രിയെ പിന്തുണച്ചപ്പോള്‍ 20 മന്ത്രിമാര്‍ എതിര്‍പ്പുമായി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് നിതീഷ്‌കുമാര്‍ അനുകൂലികള്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി.

നിതീഷിനെ പുതിയ മുഖ്യമന്ത്രിയായി ഇന്നു ചേരുന്ന നിയമസഭാ കക്ഷിയോഗത്തില്‍ തെരഞ്ഞെടുക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് യാദവ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിതീഷിനെ മുഖ്യമന്ത്രിയാക്കാനുള്ള ജനതാദള്‍ യുണൈറ്റഡിന്റെ ശ്രമങ്ങള്‍ക്കു തടയിട്ടാണ് നിയമസഭ പിരിച്ചുവിടാന്‍ മാഞ്ചി ശിപാര്‍ശ ചെയ്തത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ ജെഡി-യുവിന്റെ പ്രകടനം മോശമായതിനെത്തുടര്‍ന്നാണു ജിതന്‍ റാം മാഞ്ചി മുഖ്യമന്ത്രിയായത്. തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു നിതീഷ്‌കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതോടെ ജിതന്‍ റാം മാഞ്ചിയെ മുഖ്യമന്ത്രിയാക്കുകയായിരുന്നു.

Top