ബോംബ് കണ്ടു പിടിക്കാന്‍ എലിഫന്റ് സ്‌ക്വാഡ്

ഉത്സവത്തിന് എഴുന്നള്ളിക്കാനും തടിപിടിക്കാനുമാണ് നമ്മുടെ നാട്ടില്‍ ആനകളെ ഉപയോഗിക്കുക. മറ്റു ജോലികള്‍ക്കൊന്നും ആനകളെ ഉപയോഗിക്കാറില്ല. എന്നാല്‍ ആഫ്രിക്കയില്‍ ആനകളെ വ്യത്യസ്തമായ മറ്റൊരു കാര്യത്തിന് ഉപയോഗിക്കാന്‍ തുടങ്ങുകയാണ്. ബോംബ് കണ്ടെത്തി നിര്‍വീര്യമാക്കാനാണ് ആഫ്രിക്കയില്‍ ആനകളെ ഉപയോഗിക്കുന്നത്. നായ്ക്കളെയാണ് പൊലീസും ബോംബ് സ്‌ക്വാഡും സാധാരണ ഇക്കാര്യത്തിന് ഉപയോഗിക്കുന്നത്. ഇനി മുതല്‍ ബോംബ് കണ്ടെത്താന്‍ തുമ്പിക്കൈയുമുണ്ടാകും.
സ്‌ഫോടക വസ്തുക്കള്‍ക്കൊപ്പം ഈ പ്രദേശത്തെത്തുന്ന കൊള്ളക്കാരുടെ സാന്നിധ്യവും കണ്ടെത്താനും ആനകള്‍ എപ്പോഴും റെഡിയാണ്. ആഭ്യന്തര യുദ്ധത്തിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയിലെ പല പ്രദേശങ്ങളിലും സ്‌ഫോടകവസ്തുക്കള്‍ ഇപ്പോഴും നിര്‍വീര്യമാകാതെ കിടപ്പുണ്ട്. ഈ അപകടം ഇല്ലാതാക്കാന്‍ അമെരിക്കന്‍ ആര്‍മി റിസര്‍ച്ച് ഓഫിസാണ് അംഗോളയില്‍ നിന്ന് ആനകളെ കൊണ്ടുവന്ന് ബോംബുകള്‍ നിര്‍വീര്യമാക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടത്.

ആനകളുടെ മണം പിടിക്കാനുള്ള കഴിവ് അത്ര നിസാരമല്ല. മാമത്തുകള്‍ ഐസുകട്ടകള്‍ ഉള്ളിടത്ത് പോലും ഭക്ഷണം കണ്ടെത്തിയിരുന്നു. ആനകളെ സാഹസിക പ്രവര്‍ത്തനങ്ങള്‍ പരിശീലിപ്പിക്കുന്ന സീന്‍ ലെന്‍സ്മാന്‍ പറയുന്നു.
റോബോട്ടിക്ക് സംവിധാനം ഉപയോഗിച്ചു തരിശു പ്രദേശങ്ങളില്‍ നിന്നു വസ്തുക്കള്‍ ശേഖരിക്കും. ആ വസ്തുക്കള്‍ പിന്നീട് ആനകള്‍ക്ക് ശ്വസിക്കാന്‍ നല്‍കും. പ്രദേശത്തേക്ക് എത്തിച്ചേരുന്ന ആനകള്‍ വളരെ കൃത്യമായി ബോംബുകള്‍ കണ്ടെത്തുന്നു. പട്ടാളക്കാര്‍ അവ ശ്രദ്ധാപൂര്‍വം എടുത്തു നിര്‍വീര്യമാക്കും. ബോംബുകള്‍ നിര്‍വീര്യമാക്കാനുള്ള കഴിവ് ആനയ്ക്കാണോ നായ്കള്‍ക്കാണോ കൂടുതല്‍ എന്നാണ് ഇനി കണ്ടെത്തേണ്ടത്. ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ യുഎസിലെ പട്ടാള ഗവേഷകര്‍ തുടങ്ങിയിരിക്കുന്നു. നായ്ക്കള്‍ക്ക് നിരന്തരമായ പരിശീലനം നല്‍കിയാല്‍ മാത്രമാണ് ഇത്തരത്തില്‍ ഒരു കഴിവ് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുക. ലെന്‍സ്മാന്‍ പറയുന്നു. എന്നാല്‍ ആനകള്‍ക്ക് അത്ര കാലം പരിശീലനം നല്‍കേണ്ട. ഇതിനാല്‍ ആനകളുടെ ഈ പ്രത്യേക കഴിവ് കൂടുതല്‍ ഇടങ്ങളിലേക്കു വ്യാപിപ്പിക്കാനും അധികൃതര്‍ തീരുമാനിച്ചിരിക്കുന്നു. ആനകളെ ഏറെ സ്‌നേഹിക്കുന്നവരാണ് മലയാളികള്‍. വൈകാതെ കേരള പൊലീസില്‍ എലിഫന്റ് സ്‌ക്വാഡ് തുടങ്ങാനും സാധ്യതയുണ്ട്.

Top