ബോഡോ തീവ്രവാദികളെ അസമിലേക്കു കൊണ്ടുപോയി

കൊല്ലം: ഡീസന്റ് മുക്കിലെ കശുവണ്ടി ഫാക്റ്ററിയില്‍നിന്ന് പിടിയിലായ ബോഡോ തീവ്രവാദികളെ അസമിലേക്കു കൊണ്ടുപോയി. നിരോധിത നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഒഫ് ബോഡോലാന്‍ഡ് പ്രവര്‍ത്തകന്‍ റജിന ബസുമത്ര (29), സ്വരാംഗ് രാംചരെ (20) എന്നിവരെയാണ് അസമില്‍നിന്നെത്തിയ പൊലീസ് സംഘം ഇന്നലെ വൈകിട്ടോടെ നാട്ടിലേക്ക് കൊണ്ടുപോയത്.

കഴിഞ്ഞ ദിവസം ബജലി പതശാല സബ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ട്രാന്‍സിറ്റ് ഓര്‍ഡറുമായി എത്തിയ സിംല സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്റ്റര്‍ പരേഷ് ബോറോയുടെ നേതൃത്വത്തിലുള്ള നാലംഗ പൊലീസ് സായുധസംഘം ഇരുവരെയും ഇന്നലെ വൈകിട്ട് ജില്ലാ എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റ് കൂടിയായ കൊല്ലം കലക്റ്റര്‍ കൗശിഗന്‍ മുന്‍പാകെ ഹാരാക്കി. തുടര്‍ന്ന് ഇരുവരെയും കനത്ത സുരക്ഷയില്‍ രാത്രിയോടെ ട്രെയ്‌നില്‍ അസമിലേക്കു കൊണ്ടുപോകുകയായിരുന്നു.

ബസുമത്രയ്‌ക്കെതിരേ ദേശവിരുദ്ധ പ്രവര്‍ത്തനത്തിനും കവര്‍ച്ചയ്ക്കും സിംല സ്റ്റേഷനില്‍ കേസുണ്ട്. ബസുമത്രയ്‌ക്കൊപ്പം അസമില്‍നിന്നു രക്ഷപ്പെട്ട മറ്റൊരാള്‍ ഒപ്പം പിടിയിലായ സ്വരാംഗ് രാംചരെ ആണെന്ന് അസം പൊലീസ് സ്ഥിരീകരിച്ചു. ആലപ്പുഴ വള്ളികുന്നത്തെ കശുവണ്ടി ഫാക്റ്ററിയില്‍ ജോലിചെയ്യുന്ന അസം സ്വദേശി റൂപ്പല്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇയാള്‍ക്ക് തീവ്രവാദി ബന്ധമില്ലെന്ന് അസം പൊലീസ് സ്ഥിരീകരിച്ചു.

Top