ബ്രിട്ടിഷ് പാര്‍ലമെന്റിനു മുന്നില്‍ ഗാന്ധിജിയുടെ പ്രതിമ അനാവരണം ചെയ്യും

ലണ്ടന്‍: ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ വെങ്കല പ്രതിമ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അനാവരണം ചെയ്യും. അടുത്ത മാസം 14 ന് പാര്‍ലമെന്റ് സ്‌ക്വയറില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണാണു പ്രതിമ അനാവരണം ചെയ്യുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പങ്കെടുക്കും.
മഹാത്മാ ഗാന്ധിയുടെ അഹിംസയുടെ പാത യുകെയ്ക്കും ഇന്ത്യയ്ക്കും മാത്രമല്ല ലോകത്തിന് മുഴുവനും പ്രചോദനമാണെന്നു ഡേവിഡ് കാമറൂണ്‍. അദ്ദേഹത്തിന്റെ പല നിരീക്ഷണങ്ങളും ഇന്നും പ്രസക്തമാണ്. ഗാന്ധിജിക്ക് ഇരു രാജ്യങ്ങളുടെയും ചരിത്രത്തില്‍ വളരെയധികം പ്രാധാന്യമുണ്ടെന്നും അദ്ദേഹത്തിന്റെ പ്രതിമ പാര്‍ലമെന്റ് സ്‌ക്വയറില്‍ വയ്ക്കുന്നതിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ഊട്ടിയുറപ്പിക്കപ്പെടുമെന്നും കാമറൂണ്‍ പറഞ്ഞു.
പ്രതിമ സ്ഥാപിക്കാന്‍ വേണ്ടി നടത്തിയ ധനസമാഹരണം ഒരു മില്യണ്‍ പൗണ്ട് കവിഞ്ഞുവെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണു പണം സംഭാവന ചെയ്തത്. ഉരുക്ക് ഭീമന്‍ ലക്ഷ്മി മിത്തല്‍ ഒരു ലക്ഷം പൗണ്ട് സംഭാവന ചെയ്തതായി ഗാന്ധിജി സ്റ്റാച്യൂ മെമ്മോറിയല്‍ ട്രസ്റ്റ് അറിയിച്ചു. ബ്രിട്ടീഷ് ശില്‍പി ഫിലിപ് ജാക്‌സണ്‍ ആണു പ്രതി രൂപ കല്‍പ്പന ചെയ്യുന്നത്.

Top