ബ്ലാക്ക് ബോക്‌സിനായി ഫ്രഞ്ച് സംഘം :കണ്ടെത്തുവാന്‍ ഒരാഴ്ചയെടുക്കും

പാരീസ്: ഇന്തോനേഷ്യയില്‍ നിന്നും സിംഗപൂരിലേക്കുള്ള യാത്രയ്ക്കിടെ കടലില്‍ തകര്‍ന്നു വീണ എയര്‍ ഏഷ്യാ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തുന്നതിനു ഫ്രാന്‍സില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം എത്തും. എയര്‍ ഏഷ്യ വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെത്താന്‍ ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും എടുക്കുമെന്ന് വിദഗ്ധര്‍. മോശം കാലാവസ്ഥ കാരണം പലപ്പോഴും തിരച്ചില്‍ നിര്‍ത്തിവെക്കേണ്ട സാഹചര്യത്തിലാണ് ബ്ലാക് ബോക്‌സിന് വേണ്ടിയുള്ള കാത്തിരിപ്പ് ഇനിയും ഒരാഴ്ച നീളുമെന്ന് വ്യക്തമായിരിക്കുന്നത്.

ഇതുവരെയുള്ള തിരച്ചിലില്‍ ഒന്‍പത് മൃതശരീരങ്ങള്‍ കിട്ടിയതായും അധികൃതര്‍ അറിയിച്ചു. 162 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് കരുതുന്നത്. ഇന്നലെയും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് തിരച്ചില്‍ നിര്‍ത്തിവെച്ചിരുന്നു. സമുദ്രത്തിന്റെ ഉപരിതലത്തില്‍ നിന്ന് 150 അടി താഴെ കണ്ടെത്തിയ കറുത്ത വലിയ വസ്തു എയര്‍ ഏഷ്യയുടെ അവശിഷ്ടമാകാമെന്നാണ് തിരച്ചില്‍ നടത്തുന്നവരുടെ നിഗമനം. എയര്‍ ഏഷ്യയുടെ അവശിഷ്ടം കടലിനടിയില്‍ കണ്ടെത്തിയെന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട് വിശ്വസനീയമാണെന്നും എയര്‍ലൈന്‍സ് മേധാവി ടോണി ഫെര്‍ണാണ്ടസ് പറഞ്ഞു.

എന്നാല്‍ വ്യോമ സുരക്ഷാ ഉദ്യോഗസ്ഥനായ ടൂസ് സാനിറ്റിയോസിന്റെ അഭിപ്രായ പ്രകാരം, വിമാനം കിടക്കുന്ന സ്ഥലം ഇപ്പോഴും അവ്യക്തമാണ്. വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെത്താന്‍ ചുരുങ്ങിയത് ഒരാഴ്ച എങ്കിലും പിടിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. ഇത് കണ്ടെത്താന്‍ അതിവിശാലമായ കടലില്‍ നിരവധി പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തേണ്ടതുണ്ടെന്നും ഇതിന് പ്രത്യേക ഉപകരണങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Top