കൊച്ചി: സ്വന്തം മണ്ണില്‍ തുടര്‍ച്ചയായി രണ്ടാം ജയം തേടിയിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഡല്‍ഹി ഡൈനാമോസ് സമനിലയില്‍ കുരുക്കി. ഇരുപകുതികളിലും നിശ്ചിത സമയത്തും നീണ്ട പോരാട്ടത്തിനൊടുവില്‍ കേരളം ശക്തമായി പൊരുതിയെങ്കിലും ഡല്‍ഹിയുടെ പ്രതിരോധവും ദൗര്‍ഭാഗ്യവും നിമിത്തം കളി ഗോള്‍രഹിത സമനിലയില്‍ അവസാനിക്കുകയായിരുന്നു.
ഇതോടെ ഏഴു കളിയില്‍ രണ്ടു വിജയവും രണ്ടു സമനിലയുമായി ഏഴു പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് ആറാം സ്ഥാനത്തുതന്നെ തുടരുകയാണ്. ഇന്നലത്തെ എതിരാളികളായ ഡല്‍ഹിയാവട്ടെ ഏഴു മല്‍സരങ്ങളില്‍ ഒരു വിജയവും നാലു സമനിലയുമടക്കം ആറു പോയിന്റുമായി കേരളത്തിനു തൊട്ടുപിന്നില്‍ ഏഴാം സ്ഥാനത്താണ്. ഹോം ഗ്രൗണ്ടിലെ ആദ്യ മല്‍സരത്തിലെ വിജയത്തിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ കേരളം ഇത്തവണ പ്രതിരോധത്തിലൂന്നിയ 5-3-2 ശൈലിയിലാണ് ഡല്‍ഹിയെ എതിരിടാനെത്തിയത്.
കളിയുടെ ഇരുപകുതികളിലും കേരളത്തിനു തന്നെയായിരുന്നു മുന്‍തൂക്കം. മധ്യനിര താരം പിയേഴ്‌സണും മുന്നേറ്റനിരയിലെ കുന്തമുന ഇയാന്‍ ഹ്യൂമും നിരവധി ഷോട്ടുകള്‍ ഡൈനാമോസിന്റെ ഗോള്‍മുഖത്തേക്കു പായിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല.