ഭീകരതയ്‌ക്കെതിരേ ഒന്നിച്ച് പോരാടുമെന്ന് ജി.സി.സി.

ദോഹ: അറബ് മേഖലയില്‍ വര്‍ധിച്ചുവരുന്ന ഭീകരതയ്‌ക്കെതിരേ ഒരുമിച്ചു പോരാടുന്നതിനുള്ള ശക്തമായ പ്രതിജ്ഞാബദ്ധത ചൊവ്വാഴ്ച ദോഹയില്‍ സമാപിച്ച 35ാമത് ജി.സി.സി. ഉച്ചകോടി പ്രഖ്യാപിച്ചു. സാമ്പത്തിക രാഷ്ട്രീയ സൈനിക ആരോഗ്യ രംഗങ്ങളില്‍ നിരവധി സുപ്രധാന തീരുമാനങ്ങളും ഉച്ചകോടിയിലുണ്ടായി.

ഈജിപ്തിനും പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസിയുടെ ഭാവി പദ്ധതികള്‍ക്കുമുള്ള പിന്തുണ ജി.സി.സി. സുപ്രിം കൗണ്‍സില്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. ഗള്‍ഫ് രാജ്യങ്ങളും ഇറാനും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യം കൗണ്‍സില്‍ ഊന്നിപ്പറഞ്ഞു. നല്ല അയല്‍ബന്ധം, ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാതിരിക്കല്‍, ബലപ്രയോഗവും ഭീഷണിയും ഒഴിവാക്കല്‍ തുടങ്ങിയ നിലപാടുകളുടെ അടിസ്ഥാനത്തിലുള്ളതായിരിക്കണം ഇറാനുമായുള്ള ബന്ധം.

ആണവപദ്ധതിയുടെ കാര്യത്തില്‍ ഇറാനും ആറ് വന്‍ശക്തി രാഷ്ട്രങ്ങളുമായി ധാരണയിലെത്തിക്കുന്നതിന് ഒമാന്‍ നടത്തുന്ന ശ്രമത്തെ ജി.സി.സി. അഭിനന്ദിച്ചു. ജി.സി.സി. സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍സയാനിയാണ് ഔദ്യോഗിക പ്രഖ്യാപനം വായിച്ചത്. ഭീകരസംഘടനകളുടെ അടിസ്ഥാന ആശയ സംഹിതയ്‌ക്കെതിരേ പോരാടാനുള്ള പ്രതിജ്ഞാബദ്ധത പ്രഖ്യാപിച്ച കൗണ്‍സില്‍ ഇസ്‌ലാം അത്തരം ആശയസംഹിതകളെ പ്രോല്‍സാഹിപ്പിക്കുന്നില്ലെന്നും പ്രസ്താവിച്ചു. കസ്റ്റംസ് യൂനിയന്‍ രൂപീകരിക്കാനും ഭക്ഷ്യസുരക്ഷ നേടിയെടുക്കാനുമുള്ള നടപടികള്‍ക്ക് സമിതി അംഗീകാരം നല്‍കി.

ഏകീകൃത നാവികസേന രൂപീകരിക്കാനും ജി.സി.സി. റെയില്‍വേ പദ്ധതി 2018ഓടെ പൂര്‍ത്തീകരിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവാനും യോഗത്തില്‍ ധാരണയായി. ഏകീകൃത വിസിറ്റിങ് വിസയ്ക്കുള്ള ശുപാര്‍ശ മന്ത്രിതല സമിതിക്കു വിടാന്‍ തീരുമാനിച്ചു.

Top