ബുഡാപെസ്റ്റ്: ഹംഗേറിയന്‍ അതിര്‍ത്തിയിലൂടെ കടക്കാന്‍ ശ്രമിച്ച 29 അഭയാര്‍ഥികളെ സുരക്ഷാസേന പിടികൂടി. പിടിയിലായവരില്‍ ഒരാള്‍ ഭീകരസംഘടനയില്‍പ്പെട്ടയാളാണന്നും സുരക്ഷാസേന അറിയിച്ചു. അതേസമയം, ഹംഗറിയുടെയും സെര്‍ബിയയുടെയും അതിര്‍ത്തിയില്‍ അഭയാര്‍ഥി സംഘര്‍ഷം തുടരുകയാണ്. സംഘര്‍ഷത്തില്‍ 20 പോലീസുകാര്‍ക്കും രണ്ടു കുട്ടികള്‍ക്കും പരിക്കേറ്റു.
സെര്‍ബിയന്‍ അതിര്‍ത്തി കടന്നു രാജ്യത്തേക്കു പ്രവേശിക്കാന്‍ ശ്രമിച്ച അഭയാര്‍ഥികള്‍ക്കു നേരേ ഹംഗറി പോലീസ് ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചു. അഭയാര്‍ഥികള്‍ അതിര്‍ത്തിയിലെ വേലി തകര്‍ക്കാനും കല്ലേറുനടത്താനും ആരംഭിച്ചതോടെയാണു പോലീസ് തിരിച്ചടിച്ചത്.
ജര്‍മനിയിലേക്കു പ്രവേശിക്കുന്നതിനാണ് അഭയാര്‍ഥികള്‍ ഹംഗറിയിലേക്കു കടക്കുന്നത്. എന്നാല്‍ ഹംഗറി കഴിഞ്ഞ ദിവസം അതിര്‍ത്തി അടയ്ക്കുകയും സെര്‍ബിയയുമായി അതിര്‍ത്തി പങ്കിടുന്ന രണ്ടു പ്രവിശ്യകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഹംഗറി അതിര്‍ത്തി അടച്ചതോടെ സെര്‍ബിയയില്‍നിന്നു ക്രൊയേഷ്യവഴി യൂറോപ്പിലേക്കു കടക്കാനാണ് അഭയാര്‍ഥികളുടെ ശ്രമം.