ന്യൂഡല്‍ഹി: ഇറാക്കിലെ ഐ.എസ് ഭീകരര്‍ പിടികൂടിയ 39 ഇന്ത്യക്കാരെ കുറിച്ച് സര്‍ക്കാരിന് യാതൊരു വിവരവുമില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. അതേസമയം, ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ മന്ത്രി നിഷേധിച്ചു.
സുന്നി ഇസ്ലാമിക് ഗ്രൂപ്പ് അഞ്ച് മാസം തട്ടിക്കൊണ്ട് പോയ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന മാധ്യമവാര്‍ത്ത പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടിയപ്പോഴാണ് രാജ്യസഭയിലും ലോക്‌സഭയിലും സുഷമ സ്വരാജ് ഇക്കാര്യം അറിയിച്ചത്.
ഭീകരരുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് ബംഗ്ലാദേശ് സ്വദേശികളുടെ മൊഴിയില്‍ നിന്നാണ് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത വന്നത്. എന്നാല്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന വാദത്തിന് തെളിവില്ലെന്നും സുഷമ സ്വരാജ് സഭയില്‍ അറിയിച്ചു. അതേസമയം, ഭീകരരുടെ കസ്റ്റഡിയിലുള്ള ഇന്ത്യക്കാര്‍ ഇപ്പോഴും ജീവനോടെയുണ്ടെന്നതിന് നിരവധി തെളിവുകള്‍ ഉണ്ടെന്നും സുഷമ സ്വരാജ് അറിയിച്ചു.
രാജ്യസഭയില്‍ കോണ്‍ഗ്രസ് ഡെപ്യൂട്ടി ലീഡര്‍ ആനന്ദ് ശര്‍മയും ലോക്‌സഭയില്‍ ജ്യോതിരാദിത്യ സിന്ധയുമാണ് ഈ വിഷയം ഉന്നയിച്ചത്.