വാഷിംഗ്ടണ്‍: ഇറാക്കിന് ശേഷം സിറിയയിലേക്കും ഐഎസ് ഭീകരര്‍ക്കെതിരെയുള്ള നടപടികള്‍ വ്യാപിപ്പിക്കുവാന്‍ യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്ക് യുഎസ് കോണ്‍ഗ്രസിന്റെ പിന്‍തുണ. 500 മില്യണ്‍ ഡോളറിന്റെ സൈനീക പദ്ധതിക്ക് കോണ്‍ഗ്രസ് അനുമതി നല്‍കി. ഐഎസ് ഭീകരര്‍ക്കെതിരെ യുഎസില്‍ ഒന്നടങ്കം ഒരേ വികാരമാണ് നിലനില്‍ക്കുന്നതെന്ന് തെളിയിക്കുവാന്‍ കോണ്‍ഗ്രസിന്റെ പിന്‍തുണ മൂലം സാധിച്ചതായി ഒബാമ പറഞ്ഞു.
ഓഗസ്റ്റ് മാസം മധ്യത്തില്‍ മുതല്‍ തന്നെ യുഎസ് സൈന്യം ഇറാക്കിലെ വിമതരുടെ ശക്തി കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി വരികയാണ്. എന്നാല്‍ സിറിയയില്‍ ആക്രമണം ഇതുവരെയും ശക്തമായി തുടങ്ങുവാന്‍ യുഎസിന് കഴിഞ്ഞിരുന്നില്ല. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസ്ഹറുമായി തുടരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ മൂലമാണ് ഇത്.
യുഎസിന് ഒപ്പം അറബ് രാജ്യങ്ങളും ബ്രിട്ടണും ഫ്രാന്‍സും ഐഎസിനെതിരെ നടത്തുന്ന ആക്രമണങ്ങളില്‍ പങ്കാളിയാകുന്നുണ്ട്. സിറിയയിലേക്കോ ഇറാക്കിലേക്കോ കരമാര്‍ഗമുള്ള യുദ്ധം നടത്തില്ലെന്ന് നേരത്തെ തന്നെ യുഎസ് പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. സഖ്യ കക്ഷികളുമായി ചേര്‍ന്നുള്ള വ്യോമാക്രമണത്തിലൂടെ തന്നെ ഐഎസിനെ കീഴ്‌പ്പെടുത്തുവാന്‍ കഴിയുമെന്നാണ് യുഎസ് കരുതുന്നത്. ഇറാക്കി സൈന്യത്തിന് ഐഎസ് ഭീകരരെ നേരിടുന്നതിനുള്ള പ്രത്യേക പരിശീലനം യുഎസ് നല്‍കുന്നുണ്ട്.