ഭീകര സംഘടനകള്‍ക്ക് പാക്കിസ്ഥാന്റെ ക്ലീന്‍ ചിറ്റ് : നിരോധനം ഏര്‍പ്പെടുത്തി

ഇസ്ലാമബാദ്: ജമാഅത്ത് ഉദ്ദവ അടക്കം പത്തോളം ഭീകര സംഘടനകള്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ പാക്കിസ്ഥാന്‍ തീരുമാനം. അഫ്ഗാന്‍ ആസ്ഥാനമായുള്ള ഹഖാനി, തെഹ്രിക്ഇ താലിബാന്‍ എന്നിവയ്ക്കും നിരോധനം ഏര്‍പ്പെടുത്തും. പെഷവാര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. ഭീകര പ്രവര്‍ത്തനത്തിനെതിരെ നടപടി ശക്തമാക്കുന്നതിന് ഷെരീഫിനു മേല്‍ രാജ്യാന്തര സമൂഹത്തിന്റെ സമ്മര്‍ദ്ദം ശക്തമായതോടെയാണ് ഈ നീക്കം.
മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനായ ഹഫിസ് മുഹമ്മദ് സയീദാണു ജമാഅത്ത് ഉദ്ദവാ സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത്. ലഷ്‌കര്‍ഇതൊയ്ബയുടെ സ്ഥാപകന്‍ കൂടിയാണ് ഇയാള്‍.

ജമാഅത്ത് ഉദ്ദവയെ നിരോധിക്കണമെന്ന് ഇന്ത്യയും അമെരിക്കയും നിരന്തരം ആവശ്യപ്പെട്ടിരുന്നു. പെഷവാറിലെ സ്‌കൂള്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയ തെഹ്രിക്ഇ താലിബാന്‍ നേതാവ് മുല്ല ഫസലുള്ളയെ അമെരിക്ക ആഗോള ഭീകരനായി പ്രഖ്യാപിക്കുകയും ഇയാളുടെ എല്ലാ ഇടപാടുകളും റദ്ദാക്കുകയും ചെയ്തിരുന്നു.

പാക്കിസ്ഥാനും അയല്‍രാജ്യങ്ങള്‍ക്കും അമെരിക്കയ്ക്കും വരെ ഭീഷണിയുള്ള ലഷ്‌കര്‍ഇതൊയിബ, താലിബാന്‍, ഹഖാനി തുടങ്ങിയ ഭീകര സംഘടനകളെ ഇല്ലാതാക്കാന്‍ പാക്കിസ്ഥാന്‍ മുന്നോട്ടുവരണമെന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
അഫ്ഗാനിസ്ഥാന്‍ ഭീകരനായ ജലാലുദ്ദീന്‍ ഹഖാനി രൂപീകരിച്ച ഹഖാനി 2008ല്‍ കാബൂളിലെ ഇന്ത്യന്‍ എംബസിക്കു നേരേ ആക്രമണം നടത്തിയിരുന്നു. 58 പേരാണ് കൊല്ലപ്പെട്ടത്. 2011ല്‍ കാബൂളിലെ യുഎസ് എംബസിയും സംഘം ആക്രമിച്ചു. പാക് ചാര സംഘടന ഐഎസ്‌ഐ ഹഖാനിക്കു പിന്തുണ നല്‍കുന്നുണ്ടെന്ന് യുഎസും അഫ്ഗാനിസ്ഥാനും ആരോ പിച്ചിരുന്നു.

Top