ഭൂമിയേറ്റെടുക്കല്‍ ഭേദഗതി ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവച്ചു

ന്യൂഡല്‍ഹി: ഭൂമിയേറ്റെടുക്കല്‍ നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവച്ചു. ആദ്യ ഓര്‍ഡിനന്‍സിന്റെ കാലാവധി ശനിയാഴ്ച അവസാനിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്.

സര്‍ക്കാര്‍ കൊണ്ടുവന്ന 11 ഭേദഗതികളോടെയാണ് ബില്‍ ലോക്‌സഭയില്‍ പാസാക്കിയത്. എന്നാല്‍ രാജ്യസഭയില്‍ ബില്‍ പാസാക്കാന്‍ സര്‍ക്കാരിന് സാധിച്ചിരുന്നില്ല. പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി ബില്ലിനെ എതിര്‍ത്തിരുന്നു. 2013 ല്‍ യുപിഎ സര്‍ക്കാറാണ് ഭൂമി ഏറ്റെടുക്കല്‍ നിയമം പാസാക്കിയത്. കഴിഞ്ഞ ഡിസംബറില്‍ മോഡി സര്‍ക്കാര്‍ നിയമത്തിലെ ചില വ്യവസ്ഥകള്‍ക്ക് ഓര്‍ഡിനന്‍സിലൂടെ ഭേദഗതികള്‍ കൊണ്ടു വന്നു. ഇതിന് ശേഷമാണ് ലോക്‌സഭയില്‍ ബില്‍ പാസാക്കിയത്.

സ്വകാര്യ വ്യവസായ ഇടനാഴികള്‍ക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കുന്നത് സര്‍ക്കാരോ സര്‍ക്കാര്‍ ഏജന്‍സികളോ നേരിട്ടായിരിക്കും, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ ആസ്പത്രികള്‍ക്കുമുള്ള ഇളവുകള്‍ ഒഴിവാക്കും, സാമൂഹ്യ അടിസ്ഥാനസൗകര്യ വികസന പദ്ധതികളിലെ പിപിപി മോഡല്‍ ഉപേക്ഷിക്കും.

ഹൈവേകളുടേയും റെയില്‍വേ ലൈനുകളുടേയും ഇരുവശങ്ങളിലുമുള്ള ഒരു കിലോമീറ്ററിലെ ഏറ്റെടുക്കലുകള്‍ക്ക് നിയന്ത്രണം, കാലിയായി കിടക്കുന്ന സ്ഥലങ്ങള്‍ ഏറ്റെടുത്ത് വികസനപ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് ലാന്‍ഡ് ബാങ്കുകള്‍ ഉണ്ടാക്കാം, ഭൂമി നഷ്ടപ്പെടുന്നവരുടെ കുടുംബത്തിലെ ഒരാള്‍ക്ക് ജോലി.

ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് ഹൈക്കോടതികളില്‍ അപ്പീല്‍ നല്‍കില്ല, തര്‍ക്കങ്ങളുള്ളവര്‍ക്ക് പ്രശ്‌ന പരിഹാരത്തിനായി അതത് ജില്ലാ അധികാരികളെ സമീപിക്കാം,. ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി തടസങ്ങളില്ലാത്ത പദ്ധതി, അഞ്ച് വര്‍ഷത്തിനു ശേഷവും വ്യവസായം ആരംഭിച്ചില്ലെങ്കില്‍ ഭൂമി തിരിച്ച് നല്‍കും. എന്നിവയാണ് സര്‍ക്കാര്‍ പുതിയ ബില്ലില്‍ അവതരിപ്പിച്ച ഭേദഗതികള്‍.

Top