തിരുവനന്തപുരം: പ്രമുഖ ചലച്ചിത്രതാരം മഞ്ജുവാര്യരെ ലക്ഷ്യമിട്ട് സിപിഎം-ബിജെപി കരുനീക്കം. നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് ഇരുകൂട്ടരുടെയും നീക്കം.
പതിവില്‍ നിന്ന് വ്യത്യസ്തമായി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്ത വെല്ലുവിളി നേരിടുന്ന സിപിഎം സ്ത്രീ സമൂഹത്തിനിടയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള മഞ്ജുവിനെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണമെന്ന നിലപാടിലാണ്. ഇതുസംബന്ധമായ പാര്‍ട്ടിയുടെ അഭിപ്രായം മഞ്ജുവിനെ സിപിഎം അറിയിച്ചതായാണ് സൂചന.
ഇപ്പോള്‍തന്നെ സാമൂഹ്യ സേവന രംഗത്ത് സജീവമായ മഞ്ജുവാര്യര്‍ അനുകൂലമായ നിലപാടെടുക്കുകയാണെങ്കില്‍ കേരളത്തില്‍ നിന്നും ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്കോ അല്ലെങ്കില്‍ നിയമസഭാ സീറ്റിലേക്കോ പരിഗണിച്ചേക്കുമെന്നാണ് നേതൃത്വത്തില്‍ നിന്നും ലഭിക്കുന്ന സൂചന.
കഴിഞ്ഞ ദിവസം സിപിഎം പാലക്കാട് ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പൊതു പരിപാടിയില്‍ മഞ്ജു പങ്കെടുത്ത് വി.എസിനെ പുകഴ്ത്തി പറഞ്ഞത് ശുഭസൂചകമായിട്ടാണ് സിപിഎം നേതൃത്വം കാണുന്നത്.
മൂന്നാം ബദലുമായി കേരളത്തില്‍ വന്‍ മുന്നേറ്റത്തിനൊരുങ്ങുന്ന ബിജെപിയും ലക്ഷ്യമിടുന്നത് മഞ്ജുവാര്യരുടെ വലിയ സ്വീകാര്യത തന്നെയാണ്.
ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ട് പ്രത്യേക ദൂതര്‍ വഴി ഇതിനകം തന്നെ മഞ്ജുവിനോട് സംസാരിച്ചതായാണ് അറിയുന്നത്.
രാജ്യസഭയില്‍ ഒഴിവുവരുന്ന നോമിനേറ്റഡ് എം.പി സ്ഥാനമാണ് ബിജെപിക്കാരുടെ ഭാഗത്തുനിന്നുള്ള പ്രധാന വാഗ്ദാനം.
എസ്എന്‍ഡിപി യോഗവുമായി സഖ്യമുണ്ടെങ്കിലും പൊതുസമൂഹത്തിനിടയില്‍ പ്രത്യേകിച്ച് സ്ത്രീ സമൂഹത്തിനിടയില്‍ മികച്ച പ്രതിച്ഛായയുള്ളവരെ രംഗത്തിറക്കിയാല്‍ മാത്രമേ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുകയുള്ളൂവെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍.
മലയാള സിനിമാരംഗത്ത് സജീവമായുള്ള ചിലരുടെ ലിസ്റ്റ് ഇതിനായി നേതൃത്വം തയ്യാറാക്കിയിട്ടുണ്ടെങ്കിലും പ്രഥമ പരിഗണന മഞ്ജു വാര്യര്‍ക്കു തന്നെയാണ്.
കഴിഞ്ഞദിവസം പാലക്കാട്ട് സിപിഎം സംഘടിപ്പിച്ച പരിപാടിയില്‍ മഞ്ജുവാര്യര്‍ പങ്കെടുത്ത് വി.എസ് മാതൃകാപുരുഷനാണെന്ന് പറഞ്ഞത് വിഎസിനോടുള്ള ആരാധന കൊണ്ടാണെന്നും സിപിഎമ്മിനോടുള്ള താല്‍പര്യം കൊണ്ടല്ലെന്നുമാണ് ബിജെപി നേതൃത്വം വിശ്വസിക്കുന്നത്.
അതേസമയം ഇരുപാര്‍ട്ടികളുടെയും ക്ഷണത്തിന് അനുകൂലമായും പ്രതികൂലമായും മഞ്ജു ഇതുവരെ പ്രതികരിച്ചിട്ടില്ല.
രാഷ്ട്രീയ രംഗത്തേക്ക് വരാന്‍ മഞ്ജുവിന് സമ്മതമാണെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ കമ്മിറ്റ് ചെയ്ത ചില സിനിമ-പരസ്യ കരാറുകളാണ് രാഷ്ട്രീയ പ്രവേശനത്തിന് തടസമാകുന്നതത്രേ.
ഇക്കാര്യം തന്നെ സമീപിച്ചവരെ മഞ്ജു വാര്യര്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഇരുപാര്‍ട്ടികളും ശുഭ പ്രതീക്ഷ കൈവിട്ടിട്ടില്ല.