മഞ്ഞപ്പടയെ മെരുക്കാന്‍ പാക്കിസ്ഥാന്‍

അഡ്‌ലെയ്ഡ്: ലോകകപ്പില്‍ ഇന്ന് മൂന്നാം ക്വാര്‍ട്ടറില്‍ പാക്കിസ്ഥാന്‍ ആതിഥേയരായ ഓസ്‌ട്രേലിയയെ നേരിടും. ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് ക്വാര്‍ട്ടറില്‍ ഇന്ത്യയാണ് എതിരാളികള്‍. സ്വന്തം നാട്ടില്‍ മത്സരം നടക്കുന്നതിന്റെ ആനുകൂല്യം ഓസ്‌ട്രേലിയയ്ക്കുണ്ടെങ്കിലും പാക്കിസ്ഥാനെ എഴുതിത്തള്ളാന്‍ സാധിക്കില്ല.
പ്രവചനാതീതമാണ് അവരുടെ കളി. ആരോടു വേണമെങ്കിലും തോല്‍ക്കും ആരെയും തോല്‍പ്പിക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ വെസ്റ്റിന്‍ഡീസിനോടും ഇന്ത്യയോടും തോറ്റ അവര്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു. സിംബാബ്വെയ്‌ക്കെതിരെ കഷ്ടിച്ചാണ് ജയം നേടിയത്. ബൗളിങ്ങാണ് അവരുടെ കരുത്ത്. ആദ്യത്തെ രണ്ട് മത്സരത്തിന് ശേഷം ബൗളര്‍മാരുടെ മികവിലാണ് അവര്‍ ജയങ്ങള്‍ നേടിയത്. അവസാന മത്സരത്തില്‍ അയര്‍ലാന്‍ഡിനെതിരെ ബാറ്റ്‌സ്മാന്മാര്‍ ഫോമിലേക്കെത്തുകയും ചെയ്തത് അവര്‍ക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. ഓസ്‌ട്രേലിയയാകട്ടെ മിന്നുന്ന ഫോമിലാണ് അവരുടെ ബാറ്റ്‌സ്മാന്മാരും ബൗളര്‍മാരും മികച്ച പ്രകടനമാണ് നടത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലാന്‍ഡിനോടൊഴികെ കളിച്ച എല്ലാ മത്സരത്തിലും അവര്‍ ജയം
സ്വന്തമാക്കിയിരുന്നു. ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ ചെറിയ സ്‌കോറിന് പുറത്തായെങ്കിലും ബൗളിങ് നിര മികച്ച പോരാട്ട വീര്യം പുറത്തെടുത്തപ്പോള്‍ വെറും ഒരു വിക്കറ്റിന്റെ ജയം മാത്രമാണ് കിവീസിന് നേടാന്‍ സാധിച്ചത്. ഗ്ലെന്‍ മാക്‌സ്വെല്‍, ഡേവിഡ് വാര്‍ണര്‍, ഷെയ്ന്‍ വാട്‌സണ്‍, ആറോണ്‍ ഫിഞ്ച് തുടങ്ങി വെടിക്കെട്ടു ബാറ്റ്‌സ്മാന്മാരുടെ ഒരു പടതന്നെയുണ്ട് ഓസീസ് നിരയില്‍ ഇന്നിങ്‌സിനെ നിയന്ത്രിക്കാനാകട്ടെ സ്റ്റീവന്‍ സ്മിത്തും ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കുമുണ്ട്.
ജോര്‍ജ് ബെയ്‌ലിയെപ്പോലൊരു ബാറ്റ്‌സ്മാന്‍ ടീമിലിടം നേടാനാകാതെ പന്ത്രണ്ടാമനായി പുറത്തിരിക്കുന്നു എന്നു പറയുമ്പോളേ ഓസീസ് ബാറ്റിങ് നിരയുടെ പാടവശേഷി അളക്കാന്‍ സാധിക്കും. ബൗളിങ്ങിലാകട്ടെ മിച്ചല്‍ സ്റ്റാര്‍ക്ക് മിച്ചല്‍ ജോണ്‍സണ്‍ സഖ്യം ഏത് ബാറ്റിങ് നിരയ്ക്കും വെല്ലുവിളിയുയര്‍ത്തുന്നതാണ്. കൂട്ടിന് പാട്രിക്ക് കമ്മിന്‍സും ജയിംസ് ഫൗള്‍ക്‌നറുമുണ്ട്. ബൗളിങ്ങില്‍ പാക്കിസ്ഥാനും ഓസ്‌ട്രേലിയയെ വെല്ലുവിളിക്കാന്‍ പോന്ന പടയുണ്ട്. വഹബ് റിയാസ് നയിക്കുന്ന ബൗളിങ് നിരയില്‍ രാഹത് അലി, സൊഹൈല്‍ ഖാന്‍ എന്നിവര്‍ ഓസ്‌ട്രേലിയയ്ക്കും ഭീഷണിയുയര്‍ത്തും. ബാറ്റിങ് നിരയാണ് അവരെ ദുര്‍ബലപ്പെടുത്തുന്നത്. ടൂര്‍ണമെന്റില്‍ ഒരേയൊരു സെഞ്ചുറി മാത്രമാണ് പാക് ബാറ്റ്‌സ്മാന്‍മാര്‍ക്ക് നേടാന്‍ സാധിച്ചത്. അവസാന മത്സരത്തില്‍ സര്‍ഫ്രാസ് അഹമ്മദിന്റെ വക അയര്‍ലാന്‍ഡിനെതിരെയായിരുന്നു അത്. ക്യാപ്റ്റന്‍ മിസ്ബ ഉല്‍ഹഖിനെ ഒഴിച്ചു നിര്‍ത്തിയാല്‍ വിശ്വസിക്കാന്‍ പറ്റിയ ബാറ്റ്‌സ്മാന്മാര്‍ ആരും തന്നെയില്ല. പേസ് ബൗളിങ്ങിന് അനുകൂലമായ സാഹചര്യമാണ് അഡ്‌ലെയ്ഡിലേത്. ഓസ്‌ട്രേലിയയ്ക്ക് തന്നെയാണ് മത്സരത്തില്‍ മുന്‍തൂക്കം പക്ഷെ പാക്കിസ്ഥാന്‍ ഇന്ന് എങ്ങനെ കളിക്കുമെന്ന് അവര്‍ക്ക് പോലും പറയാന്‍ സാധിക്കില്ല അതിനാല്‍ ആര്‍ക്കും ജയിക്കാന്‍ സാധിക്കുന്ന മത്സരമാകും ഇന്നത്തേത്. ഇതിന് മുമ്പ് എട്ട് തവണയാണ് ഇരുടീമും ലോകകപ്പില്‍ ഏറ്റുമുട്ടിയിട്ടുള്ളത് ഇരുടീമും നാല് തവണ വീതം ജയിച്ചു. അവസാനം 2011 ല്‍ കൊളംബൊയില്‍ നടന്ന മത്സരത്തില്‍ പാക്കിസ്ഥാനൊപ്പമായിരുന്നു ജയം.

Top