മണിപ്പൂര്‍: മണിപ്പൂരിലെ ചണ്ഡല്‍ ജില്ലയില്‍ 20 സൈനികരുടെ മരണത്തിനിടയാക്കിയ വ്യാഴാഴ്ചത്തെ തീവ്രവാദി ആക്രമണത്തില്‍ യു.എസ് നിര്‍മിത റോക്കറ്റ് ലോഞ്ചറുകള്‍ ഉപയോഗിച്ചതായി സൂചന.
50 തീവ്രവാദികളാണ് ഒളിയാക്രമണത്തിന് നേതൃത്വം നല്‍കിയത്. മ്യാന്മര്‍ അതിര്‍ത്തിയില്‍നിന്ന് രണ്ടു മണിക്കൂര്‍ ദൂരമുള്ള ചണ്ഡലില്‍ ആക്രമണം നടത്തിയ തീവ്രവാദികളെ തുരത്താനായി കരസേന വ്യാപകമായ തെരച്ചില്‍ ആരംഭിച്ചു.
തീവ്രവാദികള്‍ക്ക് അമേരിക്കന്‍ നിര്‍മ്മിത റോക്കറ്റ് ലോഞ്ചറുകള്‍ ലഭിച്ചതില്‍ സൈന്യത്തിന് ആശങ്കയുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയെ ചുമതലപ്പെടുത്താനും പ്രധാനമന്ത്രി നരേന്ദ്ര മോഡി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ആക്രമണത്തെ തുടര്‍ന്ന് മ്യാന്മര്‍ അതിര്‍ത്തി അടച്ചെങ്കിലും തീവ്രവാദികള്‍ അതിര്‍ത്തി കടന്നിരിക്കാന്‍ സാധ്യതയുണ്ടെന്നും സുരക്ഷാ ഏജന്‍സികള്‍ വിലയിരുത്തുന്നുണ്ട്. ശക്തമായ തിരിച്ചടി നല്‍കാനുള്ള തയാറെടുപ്പിലാണ് സൈന്യം. കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് ഇംഫാലിലേക്ക് തിരിച്ചിട്ടുണ്ട്.
ആക്രമണത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിതന്നെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും കരസേന മേധാവിയും പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന് വിശദാംശം നല്‍കിയിരുന്നു.
മനോഹര്‍ പരീക്കര്‍ രാജ്‌നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മ്യാന്മര്‍ കേന്ദ്രീകരിച്ചുള്ള വിമത സംഘടനകള്‍ ആസൂത്രണം ചെയ്തു നടത്തിയ ആക്രമണമാണിതെന്നും സൈന്യം സംശയിക്കുന്നുണ്ട്.
അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം നാഗാലാന്‍ഡിലെ വിവിധ തീവ്രവാദി വിഭാഗങ്ങള്‍ ചേര്‍ന്ന് രൂപവത്കരിച്ച പുതിയ സംഘടനയായ എന്‍എസ്‌സിഎന്‍കെ ഏറ്റെടുത്തിരുന്നു. ഹിമാചല്‍പ്രദേശ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളിലുള്ളവരാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും.
മണിപ്പൂരില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മണിപ്പൂരിലെ ബുദ്ധിഹീനമായ ആക്രമണം ദുഖിപ്പിക്കുന്നതാണെന്നും രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികര്‍ക്ക് പ്രണാമമര്‍പ്പിക്കുന്നുവെന്നും മോഡി ട്വീറ്ററിലൂടെ അറിയിച്ചു.