മദ്യനയത്തില്‍ മലക്കം മറിഞ്ഞ നേതാക്കളെ മലര്‍ത്തിയടിക്കാന്‍ ക്രൈസ്തവ സഭാ ലിസ്റ്റ്‌

തിരുവനന്തപുരം: ക്രൈസ്തവ സഭയ്‌ക്കെതിരെ അതിരുവിട്ട് സംസാരിക്കുന്ന നേതാക്കളുടെ ഹിറ്റ്‌ലിസ്റ്റ് തയ്യാറാക്കുന്നു. മദ്യനയത്തില്‍ സഭ സ്വീകരിച്ച നിലപാടിനെ പരസ്യമായി ചോദ്യം ചെയ്യുന്ന യുഡിഎഫ് നേതാക്കളുടെ ലിസ്റ്റാണ് തയ്യാറാക്കുന്നത്.

അടുത്ത തിരഞ്ഞെടുപ്പില്‍ എന്ത്‌ വിലകൊടുത്തും തോല്‍പ്പിക്കുമെന്ന്‌ ഇരിക്കൂര്‍ എംല്‍എയും മന്ത്രിയുമായ കെ.സി ജോസഫിനെതിരെ സഭ പരസ്യമായി ഭീഷണി മുഴക്കിക്കഴിഞ്ഞു. നേരത്തെ ഇടുക്കി എം.പിയായിരുന്ന പി.ടി തോമസായിരുന്നു സഭയുടെ ‘ശിക്ഷക്ക്’ വിധേയമായത്. ഇതിലെ അപകടം മണത്താണ് ശനിയാഴ്ച ധൃതിപിടിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി താമരശ്ശേരി ബിഷപ്പിനെ കണ്ടത്.

വെള്ളിയാഴ്ച കെസിബിസിയുടെ നേതൃത്വത്തില്‍ മദ്യനയം അട്ടിമറിച്ചതിനെതിരെ കോഴിക്കോട് നില്‍പ്പ് സമരം നടത്തിയിരുന്നു. ഈ സമരത്തെ ശക്തമായ ഭാഷയിലാണ് മന്ത്രി കെ.സി ജോസഫ് വിമര്‍ശിച്ചത്. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പോലും സമരത്തെ ന്യായീകരിച്ചപ്പോള്‍ എക്കാലവും സഭയുടെ പിന്‍തുണയില്‍ മാത്രം വിജയിച്ചുവരാറുള്ള ജോസഫിന്റെ നിലപാട് നന്ദികേടാണെന്ന് സഭ വിലയിരുത്തുന്നു. ഇതേ തുടര്‍ന്നാണ് അടുത്ത തവണയും ജോസഫിന് ഇരിക്കൂരില്‍ മത്സരിക്കാനുള്ളതാണെന്ന് മറക്കരുതെന്ന് കെ.സിബിസിയുടെ ഒരു ഉന്നതന്‍ മുന്നറിയിപ്പ് നല്‍കിയത്.

ഗാഡ്ഗില്‍ – കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ സഭ ശക്തമായ നിലപാട് സ്വീകരിച്ചപ്പോള്‍ ഇടുക്കി എം.പിയായിരുന്ന പി.ടി തോമസിനെതിരെ ശക്തമായ നിലപാടെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോമസ് മത്സരിച്ചാല്‍ തോല്‍പിക്കുമെന്ന് ഇടുക്കി ബിഷപ്പ് പ്രഖ്യാപിച്ചു. എന്നാല്‍ അതിനേയും തോമസ് വെല്ലുവിളിച്ചതോടെ ഗത്യന്തരമില്ലാതെ പി.ടി തോമസിനെ മാറ്റി ഡീന്‍ കുര്യാക്കോസിനെ സ്ഥാനാര്‍ത്ഥിയാക്കി. എന്നാല്‍ അദ്ദേഹത്തേയും സഭ തോല്‍പ്പിച്ചു.

ഇതേ ഗതിയായിരിക്കും തങ്ങള്‍ക്കെതിരെ രംഗത്ത് വരുന്നവരുടെ അവസ്ഥയെന്നാണ് സഭയുടെ മുന്നറിയിപ്പ്.

Top