കൊട്ടാരക്കര: മദ്യപാനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടെത്തിയ മക്കളെ ആക്രമിച്ച പിതാവിനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. മീയണ്ണൂര്‍ പാലമുക്ക് കോളനിയില്‍ ആശാവിലാസത്തില്‍ അശോകന്‍ (49) ആണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം മദ്യലഹരിയില്‍ വീട്ടിലെത്തിയ അശോകനെ സമീപത്ത് അമ്മുമ്മയ്‌ക്കൊപ്പം താമസിക്കുന്ന മക്കളായ അജേഷ് (27), അജീഷ് (23) എന്നിവര്‍ ഉപദേശിക്കാനെത്തി. മേശിരിപ്പണിക്കാരനായ അശോകന് മക്കളുടെ ഉപദേശം പിടിച്ചില്ല. ഇതേത്തുടര്‍ന്ന് അശോകനും മക്കളുമായി വഴക്കായി. അശോകന്‍ ഇരുമ്പ് പൈപ്പ് കൊണ്ട് മക്കളുടെ തലയ്ക്കടിക്കുകയും കറിക്കത്തി ഉപയോഗിച്ച് മുറിവേല്‍പ്പിക്കുകയും ചെയ്തു. പരിക്കേറ്റ അജേഷിനെയും അജീഷിനെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ ഇരുവരെയും ഡിസ്ചാര്‍ജ് ചെയ്തു. ഇവരുടെ പരാതിയിലാണ് പിതാവ് അശോകനെ പൊലീസ് പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.