മദ്യവ്യാപാരികളുടെ വോട്ട് ; മുസ്ലീം ലീഗ് സുധീരനെ പിന്‍തുണയ്ക്കാന്‍ സാധ്യത

തിരുവനന്തപുരം:മദ്യവ്യാപാരികളുടെ വോട്ട് വേണ്ടെന്ന കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ നിലപാടിനെ മുസ്ലീംലീഗ് പിന്‍തുണയ്ക്കുമെന്ന് സൂചന. കേരളത്തിലെ ജനങ്ങളുടെ പൊതു വികാരം മദ്യത്തിനെതിരാണെന്നും ഇതിന്റെ വില്‍പ്പനക്കാരുടെ വോട്ട് വേണമെന്ന് പറഞ്ഞാല്‍ സമുദായത്തില്‍ നിന്ന് ഒറ്റപ്പെടുമെന്നുമുള്ള ആശങ്കയിലാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കാന്‍ ലീഗിനെ പ്രേരിപ്പിക്കുന്നത്.

കേരള കോണ്‍ഗ്രസ് അടക്കമുള്ള ഘടകകക്ഷി നേതാക്കള്‍ മദ്യവ്യാപാരികളുടെ വോട്ട് വേണ്ടെന്ന സുധീരന്റെ നിലപാടിനെതിരെ രംഗത്ത് വന്നിട്ടും പ്രധാന ഘടകകക്ഷിയായ മുസ്ലീംലീഗ് ഇതുവരെ ഔദ്യോഗികകമായി ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നില്ല. സുധീരന്റെ നിലപാട് പാര്‍ട്ടി തീരുമാനമല്ലെന്ന് പറഞ്ഞ് എ- ഐ ഗ്രൂപ്പുകളും ഈ നിലപാടിനോടുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും രംഗത്ത് വന്നിട്ടും തന്റെ നിലപാട് മാറ്റാന്‍ സുധീരന്‍ തയ്യാറാകാത്തത് രാഷ്ട്രീയ കേന്ദ്രങ്ങളേയും അമ്പരിപ്പിച്ചിട്ടുണ്ട്.

418 ബാറുകള്‍ അടക്കുന്ന വിഷയത്തില്‍ സുധീരന്‍ ഉണ്ടാക്കിയ വലിയ ജനപ്രീതി അവശേഷിക്കുന്ന ബാറുകള്‍കൂടി പൂട്ടാന്‍ തീരുമാനിച്ച് തിരിച്ചടിച്ച ഉമ്മന്‍ചാണ്ടിക്ക് പുതിയ സംഭവവികാസങ്ങള്‍ കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ആര്‍എസ്എസിന്റെ വോട്ട് വേണ്ടെന്ന് സിപിഎമ്മും ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദും പരസ്യമായി പ്രഖ്യാപിച്ച ചങ്കൂറ്റം മദ്യവ്യാപാരികളുടെ കാര്യത്തില്‍ സുധീരന്‍ കാട്ടിയത് എതിര്‍ക്കേണ്ട കാര്യമില്ലെന്ന വികാരമാണ് യുഡിഎഫ് അണികളില്‍ വ്യാപകമായിട്ടുള്ളത്.

പാര്‍ട്ടിക്കും മുന്നണിക്കും കുടുംബങ്ങളുടെ ഇടയില്‍ നല്ല പ്രതിച്ഛായ ലഭിക്കാനും നഷ്ടപ്പെടുന്ന കുറച്ച് വോട്ടുകള്‍ക്ക് പകരം ലക്ഷക്കണക്കിന് വോട്ടുകള്‍ സമാഹരിക്കാനും ഇത്തരം നിലപാടുകള്‍ സഹായിക്കുമെന്നാണ് ലീഗ് അണികളുടേയും വിലയിരുത്തല്‍. തങ്ങളുടെ നിലപാട് അടുത്ത യുഡിഎഫ് യോഗത്തില്‍ മുസ്ലീംലീഗ് രേഖപ്പെടുത്തുമെന്നാണ് സൂചന. പുതിയ രാഷ്ട്രീയ സാഹചര്യം മുന്‍ നിര്‍ത്തി സുധീരനെ കടന്നാക്രമിക്കാതെ ‘മിതമായ നിലപാട്’ സ്വീകരിക്കാനാണ് മന്ത്രി കെ.എം മാണിയും തയ്യാറാകുകയെന്നാണ് അറിയുന്നത്.

വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി വിഎം സുധീരനായാല്‍ വീണ്ടും അധികാരത്തില്‍ തിരിച്ച് വരാന്‍ ഏറെ സാധ്യതയുണ്ടെന്നാണ് ലീഗ് ഉള്‍പ്പെടെയുള്ള യുഡിഎഫിലെ മിക്ക ഘടകകക്ഷികളുടേയും വിലയിരുത്തല്‍. ഇത്തരമൊരവസരത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കളമൊരുക്കിയാല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് സമവാക്യങ്ങള്‍ തന്നെ മാറി സുധീരന്‍ ശക്തനാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

ജനപക്ഷയാത്ര സമാപിക്കുന്നതോടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ശക്തമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന അഭ്യൂഹവും ശക്തമാണ്.

Top