മധ്യപ്രദേശ് ഗ്യാസ് സിലിണ്ടര്‍ അപകടം; മരണസംഖ്യ 80 കവിഞ്ഞു

ജബുവ: മധ്യപ്രദേശിലെ ജബുവയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകത്തില്‍ മരിച്ചവരടെ എണ്ണം 80 ആയി. നിരവധി പേര്‍ക്ക് പൊട്ടിത്തെറിയില്‍ പരിക്കേറ്റിട്ടുണ്ട്.

സേതിയ റസ്‌റ്റോറന്റ് പരിസരത്താണ് പൊട്ടിത്തെറി ഉണ്ടായത്. രാവിലെ ഏകദേശം 9 മണിയോടെയാണ് ഉഗ്ര ശബ്ദത്തില്‍ ഹോട്ടലിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. മരണ സംഖ്യ ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യത.

ഹോട്ടലില്‍ സ്‌ഫോടക വസ്തുക്കള്‍ നിയമ വിരുദ്ധമായി സൂക്ഷിച്ചതായി പൊലീസ് പറഞ്ഞു. സ്‌ഫോടനത്തെ തുടര്‍ന്ന് രണ്ടുനില കെട്ടിടം പൂര്‍ണമായും തകര്‍ന്നു. കൂടുതല്‍ പേര്‍ ഉള്ളില്‍ കുടുങ്ങിയതായി സംശയമുണ്ട്.

സംഭവത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

സ്‌ഫോടനത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയെന്ന് ആഭ്യന്തരവകുപ്പു മന്ത്രി ബാബുലാല്‍ ഗൗര്‍ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തില്‍ നടുക്കവും ദുഃഖവും രേഖപ്പെടുത്തി.

Top