മലപ്പുറം: വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദു റബ്ബിന്റെ തട്ടകത്തില്‍ ഇത്തവണ നടക്കുന്നത് വാശിയേറിയ പോരാട്ടം.
മന്ത്രിയുടെ സഹോദരന്‍ പി കെ ജമാലിന്റെ നേതൃത്വത്തിലാണ് പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലേക്ക് യുഡിഎഫ് മത്സരിക്കുന്നത്.
സിപിഎം പരപ്പനങ്ങാടി ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ ഡിവൈഎഫ്‌ഐ നേതാവുമായ ദേവന്‍ ആലുങ്ങലാണ് ഇടത് മുന്നണി സ്ഥാനാര്‍ത്ഥികളിലെ പ്രമുഖന്‍. ലീഗ് വിരുദ്ധരുടെ കൂട്ടായ്മയായ ജനകീയ വികസന മുന്നണിയും ഇടത് മുന്നണിയും ഒറ്റക്കെട്ടായാണ് ഇവിടെ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
മന്ത്രി പി കെ അബ്ദുറബ് ദീര്‍ഘകാലം പഞ്ചായത്ത് പ്രസിഡന്റായിരുന്ന പരപ്പനങ്ങാടിയെ മുനിസിപ്പാലിറ്റിയാക്കിയതിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്.
കോണ്‍ഗ്രസിലെ പ്രബല വിഭാഗവും മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ലീഗ് നേതാവുമായിരുന്ന യാക്കൂബ് കെ ആലുങ്ങല്‍, ദീര്‍ഘകാലം പഞ്ചായത്ത്-ബ്ലോക്ക് പഞ്ചായത്ത് മെമ്പറായിരുന്ന ലീഗിലെ ഷൗക്കത്തുന്നീസ തുടങ്ങി ഒരു വലിയ പട തന്നെ കൂട് മാറി ഇടത് നേതൃത്വത്തിലുള്ള ജനകീയ വികസന മുന്നണിക്കൊപ്പം തിരഞ്ഞെടുപ്പിനെ നേരിടുന്നതാണ് പരപ്പനങ്ങാടിയെ പ്രവചനാതീതമാക്കുന്നത്.
സിപിഎം-ലീഗ് സംഘര്‍ഷങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ച പരപ്പനങ്ങാടിയില്‍ ഇരുവിഭാഗത്തിനും ശക്തമായ അടിത്തറയാണുള്ളത്.
മന്ത്രിയുടെ തട്ടകം പിടിച്ചാല്‍ അതില്‍പ്പരം ലീഗിന് മറ്റൊരു തിരിച്ചടിയുണ്ടാവാനില്ലെന്നാണ് ഇടത്-വികസന മുന്നണി നേതൃത്വങ്ങള്‍ പറയുന്നത്.
അഭിമാനപ്പോരാട്ടമായതിനാല്‍ ലീഗും അരയും തലയും മുറുക്കി രംഗത്തിറങ്ങിയിട്ടുണ്ട്.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുവദിച്ച സീറ്റില്‍ ലീഗ് റിബലുകളെ നിര്‍ത്തി വിജയിപ്പിക്കുകയും പിന്നീട് അവരെ കൂടെ നിര്‍ത്തുകയും ചെയ്തതാണ് കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചത്.
ഇത്തവണയും കോണ്‍ഗ്രസിന് അനുവദിച്ച സംവരണ മണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതായാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആരോപണം.
നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് കോണ്‍ഗ്രസിലെ പ്രബല വിഭാഗവും ലീഗ് നേതാക്കളായിരുന്ന മുന്‍ പഞ്ചായത്ത് അംഗങ്ങളും ഭാരവാഹികളും സിപിഎമ്മിന്റെ കൂടെ കൂടിയതിനാല്‍ മന്ത്രിയടക്കം നേരിട്ട് ഇടപെട്ടാണ് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.