മലപ്പുറം: വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിന്റെ തട്ടകമായ പരപ്പനങ്ങാടിയിലെ പ്രഥമ നഗരസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന് കനത്ത തിരിച്ചടി. മന്ത്രി വോട്ടു ചെയ്ത വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ത്ഥി തെക്കേപ്പാട്ട് അലിയെയാണ് ഇടതു-വികസന മുന്നണി സ്ഥാനാര്‍ത്ഥി ഹനീഫ തോല്‍പ്പിച്ചത്.
45 അംഗ കൗണ്‍സിലില്‍ ഇടതു-വികസന മുന്നണിക്ക് 20 സീറ്റാണ് ലഭിച്ചിട്ടുള്ളത്. അശാസ്ത്രീയമായി വാര്‍ഡുവിഭജനം നടത്തിയിട്ടും 21 സീറ്റില്‍ മാത്രമേ ലീഗിന് വിജയിക്കാന്‍ കഴിഞ്ഞിട്ടുള്ളു. ബിജെപിക്ക് 4 സീറ്റ് ലഭിച്ചിട്ടുണ്ട്.
സിപിഎം പരപ്പനങ്ങാടി ലോക്കല്‍ കമ്മറ്റി അംഗം ആലുങ്കല്‍ ദേവന്‍, മന്ത്രി അബ്ദു റബ്ബിന്റെ സഹോദരന്‍ പി കെ ജമാല്‍ എന്നിവരാണ് വിജയിച്ച പ്രമുഖര്‍. ഭരണത്തില്‍ വരാന്‍ വേണ്ടി ബിജെപിയുടെ പിന്തുണ സ്വീകരിക്കുന്ന പ്രശ്‌നമില്ലെന്ന് സിപിഎം വ്യക്തമാക്കിയതിനാല്‍ അവര്‍ പ്രതിപക്ഷത്തിരിക്കാനാണ് സാധ്യത.
അങ്ങനെ വന്നാല്‍ സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ ഡിവൈഎഫ്‌ഐ നേതാവുമായ ആലുങ്കല്‍ ദേവനായിരിക്കും പ്രതിപക്ഷ നേതാവ്. തട്ടിക്കൂട്ട് ഭരണ സമിതി ഉണ്ടാക്കി യുഡിഎഫ് അധികാരത്തില്‍ ഏറിയാലും ശക്തമായ പ്രതിപക്ഷമുള്ളതിനാല്‍ കാര്യങ്ങള്‍ അവര്‍ക്ക് പഴയപോലെ നടപ്പാക്കാന്‍ കഴിയില്ലെന്നതും ഉറപ്പാണ്.
മുനിസിപ്പാലിറ്റിയാവുന്നതിന് മുമ്പ് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ആകെയുള്ള 23 സീറ്റില്‍ വെറും രണ്ട് സീറ്റ് മാത്രമാണ് ഇടതുപക്ഷത്തിന് ലഭിച്ചിരുന്നത്. അവിടെ നിന്നാണ് ഇപ്പോള്‍ ഈ വലിയ മുന്നേറ്റം ഉണ്ടാക്കിയിരിക്കുന്നത്.
മുന്‍ ഉപമുഖ്യമന്ത്രി ലീഗ് നേതാവ് കെ. അവുക്കാദകുട്ടിനഹയുടെ തട്ടകവും ലീഗിന്റെ കോട്ടയുമായിരുന്നു പരപ്പനങ്ങാടി. പി.കെ അബ്ദുറബ്ബ് ഏറെക്കാലം പരപ്പനങ്ങാടി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഇത്തവണ പുതിയ നഗരസഭയായപ്പോള്‍ കോണ്‍ഗ്രസിലെ ഒരുവിഭാഗം സി.പി.എമ്മുമായി ചേര്‍ന്ന് മുന്നണിയായി മത്സരിക്കുകയായിരുന്നു.