തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കുമെതിരെ കെ.ബി. ഗണേഷ്‌കുമാര്‍ ലോകായുക്തയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചു. മൊഴിയില്‍ ഉന്നയിച്ചിരുന്ന ആരോപണങ്ങളുടെ തെളിവു സഹിതമാണ് സത്യവാങ്ങ്മൂലം സമര്‍പ്പിച്ചത്.
അതേ സമയം ഇന്നും ഹാജരാകാതിരുന്ന പരാതിക്കാരന് ലോകായുക്തയുടെ വിമര്‍ശനമുണ്ടായി. പരാതിക്കാരന്‍ പരാതി പിന്‍വലിക്കുമോ എന്നു ലോകായുക്ത ആശങ്ക പ്രകടിപ്പിച്ചു. അദേഹം പണം വാങ്ങിയിട്ടുണ്ടോ എന്നു സംശയിക്കുന്നതായും ലോകായുക്ത പറഞ്ഞു. അടുത്ത മാസം 11ന് സത്യവാങ്മൂലം പരിഗണിക്കുമ്പോള്‍ പരാതിക്കാരന്‍ ഹാജരാകണമെന്നും ലോകായുക്ത നിര്‍ദ്ദേശം നല്‍കി.
ഇബ്രാഹിംകുഞ്ഞിന്റെ സ്വത്തു സമ്പാദനം, പൊതുമരാമത്ത് കരാര്‍ നല്‍കിയിലെ അഴിമതി, മന്ത്രി ഓഫിസിലുള്ളവര്‍ നടത്തിയ ക്രമക്കേട് എന്നിവയെ കുറിച്ചായിരുന്നു ഗണേഷ്‌കുമാര്‍ ലോകായുക്തയ്ക്കു മൊഴി നല്‍കിയിരുന്നു. രേഖകള്‍ ഹാജരാക്കാന്‍ ഗണേഷ് കുമാര്‍ കൊണ്ടുവന്നിരുന്നിവെങ്കിലും വിശദമായ സത്യവാങ്മൂലത്തൊടൊപ്പം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
പാലക്കാടുള്ള ഒരു പൊതുയോഗത്തിലാണ് ഇബ്രാഹിംകുഞ്ഞിനും ഓഫീസിനുമെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നത്. ഇതേ തുടര്‍ന്നാണ് ഗണേഷിനെ സാക്ഷിയാക്കിയ അന്വേഷണം ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി ജോര്‍ജ്ജ് വട്ടുകുളം ലോകായുക്തയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ കഴിഞ്ഞ മൂന്നു പ്രാവശ്യവും കേസ് പരിഗണിച്ചപ്പോള്‍ പരാതിക്കാരന്‍ ഹാജയില്ല.