മന്ത്രി കെ.എം മാണിയുടെ വിധി ഇന്നറിയാം; രാഷ്ട്രീയ കേരളം ആശങ്കയില്‍

തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിയുടെ രാഷ്ട്രീയഭാവി ഇന്നറിയാം. മാണിക്ക് കോഴ നല്‍കിയതിന്റെ വിശദാംശങ്ങളടങ്ങിയ സിഡി ഇന്ന് വൈകിട്ട് പുറത്തുവിടുമെന്നാണ് ബിജുരമേശ് പറയുന്നത്. പൂട്ടിയ ബാറുകള്‍ തുറക്കാതിരിക്കാന്‍ തുറന്ന ബാറിന്റെ ഉടമകള്‍ രണ്ട് കോടി രൂപ നല്‍കിയതിന്റെ വിശദാംശങ്ങളാണ് സിഡിയിലുള്ളതെന്നാണ് ബിജു രമേശ് പറയുന്നത്. രാഷ്ട്രീയ കേരളം ചങ്കിടിപ്പോടെയാണ് ഈ സിഡിയിലെ വിവരത്തിനായി കാത്തിരിക്കുന്നത്. അതിനിടെ, നിയമ മന്ത്രി കൂടിയായ മാണി നിയമ വിദഗ്ധരുമായി ചര്‍ച്ച തുടങ്ങി.

ബാറുകള്‍ക്ക് ലൈസന്‍സ് കിട്ടാന്‍ ഒരുകോടി കോഴ വാങ്ങിയെന്ന കേസില്‍ വിജിലന്‍സ് അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെയാണ് പുതിയ ആരോപണം. മാണിക്കു പുറമെ അദ്ദേഹത്തിന്റെ മകന്‍ ജോസ് കെ മാണി എംപിയും മന്ത്രി പി ജെ ജോസഫും ആരോപണത്തിന് വിധേയരായിരിക്കുന്നു. ക്രിമിനല്‍ കേസില്‍ സാക്ഷിമൊഴി തിരുത്താന്‍ സമ്മര്‍ദം ചെലുത്തിയെന്ന ഗുരുതരകുറ്റമാണ് ജോസ് കെ മാണിക്കും പി ജെ ജോസഫിനുമെതിരെ വരിക. ഇതോടെ വന്‍ പ്രതിസന്ധിയിലാണ് കേരള കോണ്‍ഗ്രസും യുഡിഎഫും.

അതിനിടെ, മാണിക്കെതിരായ തെളിവ് പുറത്തുവന്നാല്‍ കോഴ വാങ്ങിയ കോണ്‍ഗ്രസ് മന്ത്രിമാരുടെ പേര് പുറത്തുവിടാനുള്ള ഒരുക്കത്തിലാണ് മാണി ക്യാമ്പ്. ഇതിന്റെ വിവരങ്ങള്‍ നേരത്തെ പി സി ജോര്‍ജ് സംഘടിപ്പിച്ചിരുന്നു. മാണിക്കെതിരെ ഗൂഢാലോചന നടത്തിയ കോണ്‍ഗ്രസ് നേതാക്കളുടെ പേരും കേരളകോണ്‍ഗ്രസ് പുറത്തുവിടും. അതോടെ യുഡിഎഫ് രാഷ്ട്രീയം വീണ്ടും കലുഷിതമാകും

Top