കോഴിക്കോട്: കോഴ ആരോണത്തില്‍ കുടുങ്ങിയ കെ.എം മാണിയെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. ബഡ്ജറ്റ് ആര് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. മാണി തന്നെ ബഡ്ജറ്റ് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നുവെന്നും സുധീരന്‍ പറഞ്ഞു.
കോഴ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കെ.എം മാണിയെ ബഡ്ജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാക്കള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുഖ്യമന്ത്രി ബഡ്ജറ്റ് അവതരിപ്പിക്കുന്നതാണ് നല്ലതെന്ന് കെ.പി.സി.സി അംഗം അജയ് തറയിലും പറഞ്ഞിരുന്നു. പാര്‍ട്ടി വക്താക്കള്‍ ഇത്തരം വിവാദ പ്രസ്താവനകള്‍ നടത്തരുതെന്ന് സുധീരന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബുധനാഴ്ച ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് അജയ് തറയില്‍ മാണിയില്‍ നിന്നും ധനവകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുത്ത് മുഖ്യമന്ത്രി ബഡ്ജറ്റ് അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. നിരവധി ആരോപണങ്ങള്‍ നേരിടുന്ന മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നത് പൊതുജനങ്ങള്‍ക്കിടയില്‍ അവമതിപ്പ് ഉണ്ടാക്കുമെന്നതിനാലാണ് ഈ ആവശ്യമുന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.