തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ അഴിമതി ആരോപണവുമായി ഗണേഷ്‌കുമാര്‍ എംഎല്‍എ. മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് അഴിമതി നടക്കുന്നുണ്ടെന്നും മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ മൂന്നു പേര്‍ വന്‍ അഴിമതിക്കാരാണെന്നും ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു. അബ്ദുള്‍ റഹിം, അബ്ദുള്‍ റാഷിദ്, എ.നസീമുദ്ദീന്‍ എന്നിവരുടെ പേരുകള്‍ എടുത്തുപറഞ്ഞാണ് ഗണേഷ് ആരോപണമുന്നയിച്ചത്. അടിയന്തിരപ്രമേയ ചര്‍ച്ചകള്‍ക്ക് ശേഷം സഭ ശ്രദ്ധക്ഷണിക്കലിലേക്ക് കടക്കുമ്പോഴായിരുന്നു ഗണേഷിന്റെ ഇടപെടല്‍ ഉണ്ടായത്.
ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി മുഖ്യമന്ത്രിക്ക് താന്‍ രേഖാമൂലം കത്ത് നല്‍കിയിട്ടുണ്ടെന്നും ആരോപണത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താനൊരു യു.ഡി.എഫുകാരനാണെന്നും കയ്യാലപ്പുറത്തല്ലെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു.
ഗണേഷിന്റെ ആരോപണത്തെ തുടര്‍ന്ന് സഭയില്‍ ഭരണപക്ഷം ബഹളം വച്ചു. പ്രതിപക്ഷം ഗണേഷിനെ പിന്തുണച്ചു. ഗണേഷ് പറഞ്ഞ കാര്യം നിയമസഭാ കമ്മിറ്റി അന്വേഷിക്കുമോ എന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സഭയല്‍ ചോദിച്ചു.
എന്നാല്‍ ഗണേഷിന്റെ ആരോപണത്തെ മന്ത്രി ഇബ്രാഹിംകുഞ്ഞ് തള്ളി. ഗണേഷിന്റെ നടപടി ചട്ട വിരുദ്ധമാണെന്നും സഭയില്‍ പ്രേതം ആവാഹിച്ചതു പോലെയാണ് ഗണേഷ് പെരുമാറിയതെന്നും മന്ത്രി പറഞ്ഞു. ഗണേഷിനെതിരെ മുസ്ലീം ലീഗും രംഗത്തെത്തി. ഗണേഷ് പരാതി ഉന്നയിക്കേണ്ടിയിരുന്നത് യു.ഡി.എഫിലായിരുന്നുവെന്നും ഗണേഷ് കാടടച്ച് വെടിവയ്ക്കുകയാണ് ചെയ്തതെന്നും മുസ്ലീം ലീഗ് നേതാവ് മായിന്‍ ഹാജി പ്രതികരിച്ചു.