കോല്‍ക്കത്ത: ഹൈക്കോടതി അനുമതിയോടെ കോല്‍ക്കത്തയില്‍ നടത്തിയ ബിജെപി റാലിയില്‍ മമത ബാനര്‍ജിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമര്‍ശനം. ശാരദാ ചിട്ടി തട്ടിപ്പ് കേസിലെ പ്രതികളെ മമത സംരക്ഷിക്കുകയാണെന്ന് അമിത് ഷാ ആരോപിച്ചു. പാര്‍ലമെന്റില്‍ കള്ളപ്പണവിഷയത്തില്‍ തൃണമൂല്‍ എംപിമാര്‍ പ്രതിഷേധം നടത്തുന്നു. എന്നാല്‍ ശാരദാ ചിട്ടി തട്ടിപ്പിലെ പണം കള്ളപ്പണമല്ലേയെന്നും അമിത് ഷാ ചോദിച്ചു.
സിബിഐ അറസ്റ്റു ചെയ്ത തൃണമൂല്‍ നേതാക്കള്‍ നിരപരാധികളാണെന്ന് തെളിയിക്കാന്‍ അമിത് ഷാ, മമത ബാനര്‍ജിയെ വെല്ലുവിളിച്ചു. തട്ടിപ്പിനിരയായ സാധരണക്കാരോട് ബംഗാള്‍ സര്‍ക്കാരിന് എന്തെങ്കിലും ഉത്തരവാദിത്വമുണ്‌ടോയെന്നും അമിത് ഷാ ചോദിച്ചു.
കോല്‍ക്കത്തയില്‍ നടത്തിയ റാലിക്ക് കോല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ആദ്യം അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് ബിജെപി സംസ്ഥാന നേതൃത്വം ഹൈക്കോടതിയെ സമീപിച്ച് അനുമതി നേടുകയായിരുന്നു.